സതീഷ് കുമാര്‍ വിശാഖപട്ടണം
അണയാന്‍ പോകുന്നതിന് മുന്‍പ് ആളിക്കത്തുന്ന തിരിനാളം പോലെയായിരുന്നു കലാഭവന്‍ മണി എന്ന കലാകാരന്റെ ജീവിതം. 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1971 ജനുവരി ഒന്നാം തിയ്യതി തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയോരത്തുള്ള കൊച്ചു കുടിലില്‍ ഒരു ബാലന്‍ ജനിക്കുന്നു.
നിറയെ പ്രാരാബ്ധങ്ങളുടെ നടുവില്‍ വളര്‍ന്ന ആ ബാലന്‍ എങ്ങനേയോ ചാലക്കുടി ചന്തയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയി മാറി. കൊടിയ ദാരിദ്ര്യത്തിനു നടുവിലും മനസ്സില്‍ കലയുടെ നെയ്ത്തിരികള്‍ തെളിഞ്ഞു കത്തിയിരുന്ന ആ യുവാവ് പിന്നീട് കലാപ്രതിഭകളുടെ കേദാരമായ കലാഭവനില്‍ എത്തുന്നു.
മിമിക്രിയും നാടന്‍പാട്ടുകളുമെല്ലാം തനതായ ശൈലിയില്‍ അവതരിപ്പിച്ചിരുന്ന ആ ചെറുപ്പക്കാരനാണ് പിന്നീട് ‘കലാഭവന്‍ മണി ‘എന്ന പേരില്‍ കേരളത്തിന്റെ പൊന്നോമനമകനായി മാറിയത്. സ്വന്തം കഴിവുകളുടെ പിന്‍ബലത്തില്‍ മാത്രം മലയാളസിനിമ വേദിയില്‍ എത്തുകയും കുന്നത്തെ കൊന്ന പോലെ പൂത്തുലയുകയും അവസാനം വിധിയുടെ നിയോഗംപോലെ കൊഴിഞ്ഞുപോവുകയും ചെയ്ത അനശ്വര കലാകാരന്‍.
കലാഭവന്‍ മണി, വാക്കുകള്‍ക്ക് വര്‍ണ്ണിക്കാന്‍ ആവാത്തവിധം ഈ കലാകാരന്റെ ജീവിതം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ ക്ഷണികമായിരുന്നു. കേരളത്തില്‍ നാടന്‍പാട്ടുകള്‍ക്ക് ഇത്രയേറെ പ്രചാരം നേടിക്കൊടുത്ത ഒരു കലാകാരന്‍ മണിക്കു മുന്‍പോ പിമ്പോ ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരു തലനാരിഴയ്ക്ക് നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനം പ്രേക്ഷകലക്ഷങ്ങളെ കണ്ണീരണിയിച്ചു കളഞ്ഞു. ഈ ചിത്രത്തില്‍ മണി പാടി അഭിനയിച്ച ‘കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാരു പണ്ടൊരു ചെണ്ട ….’ എന്ന ഗാനത്തിന്റെ ശൈലി അതുവരെ മലയാള സിനിമ കേള്‍ക്കാത്തതായിരുന്നു.
പിന്നീട് കരുമാടിക്കുട്ടനിലെ ‘കൈകൊട്ടു പെണ്ണേ കൊട്ടു പെണ്ണേ ….’ എന്ന ഗാനവും മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതായി. കലാഭവന്‍ മണി പാടുകയും അഭിനയിക്കുകയും ചെയ്ത വളരെ അധികം ഗാനങ്ങള്‍
ഇന്നും കലാകേരളം വേദനയോടെ മാത്രമാണ് ഓര്‍ക്കുന്നത്.
‘കാഴ്ച’യിലെ കുട്ടനാടന്‍ കായലിലെ കെട്ടു വള്ളം തുഴയുന്ന … (രചന കൈതപ്രം – സംഗീതം മോഹന്‍ സിതാര )
അനന്തഭദ്രത്തിലെ
‘മാല്ലമ്മലല്ലൂയ്യാ ….’ (രചന ഗിരീഷ് പുത്തഞ്ചേരി സംഗീതം എം . ജി .രാധാകൃഷ്ണന്‍ )
കബഡി കബഡി യിലെ ‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ …..’ (രചന ബാബു തൃപ്പൂണിത്തറ സംഗീതം നാദിര്‍ഷ ) തുടങ്ങിയവയെല്ലാം കലാഭവന്‍ മണിയുടെ ആലാപനത്താല്‍ മലയാളത്തില്‍ തിളങ്ങിയ സിനിമ ഗാനങ്ങളാണ്…..
മണിയുടെ മാസ്റ്റര്‍പീസുകളായ
‘ചാലക്കുടി ചന്തക്കുപോകുമ്പോള്‍ ചന്ദനചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍ …..
https://www.youtube.com/watch?v=MD-6R-QO8yY
‘ ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാന്‍ …..
‘ ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട …..’ കണ്ണിമാങ്ങ പ്രായത്തില്‍
നിന്നെ ഞാന്‍ കണ്ടപ്പോള്‍ …’
‘ഉമ്പായി കുച്ചാണ്ട് പ്രാണന്‍ കത്തണമ്മാ …
തുടങ്ങിയ ഒട്ടേറെ നാടന്‍പാട്ടുകള്‍ ഒരേസമയം പാട്ടിന്റേയും താളത്തിന്റേയും നൃത്തച്ചുവടുകളുടേയും മാസ്മരിക ലോകത്തേക്ക് ആസ്വാദകരെ എത്തിച്ചു എന്നു പറഞ്ഞാല്‍ അതൊട്ടും അതിശോയക്തി ആയിരുന്നില്ല…..
2016 മാര്‍ച്ച് 6 ന്
കലാഭവന്‍ മണി ഈ ലോകത്തോട് യാത്ര പറഞ്ഞു എന്ന വാര്‍ത്ത ഞെട്ടലോടുകൂടിയാണ് കേരളം കേട്ടത്. നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുക്കിയ നാട്ടിന്‍പുറത്തിന്റെ നന്മമരമായ മണിയുടെ ജന്മവാര്‍ഷിക ദിനമാണിന്ന്. മലയാളികളുടെ മനസ്സില്‍ മണിക്കുയിലിന്റെ മണിനാദം പോലെ മണിയുടെ ഗാനങ്ങള്‍ എന്നും അലയടിച്ചു കൊണ്ടേയിരിക്കും. ഒപ്പം പാട്ടോര്‍മ്മകളുടെ പ്രിയപ്പെട്ട എല്ലാ വായനക്കാര്‍ക്കും നന്മയും സ്‌നേഹവും നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു.
(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )