പാറപ്പുറത്തെ ഓർക്കുമ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം 

മാവേലിക്കര താലൂക്കിൽപ്പെട്ട കുന്നം ഗ്രാമത്തിലെ കെ. ഇ. മത്തായി എന്ന മുൻപട്ടാളക്കാരനെ ഒരുപക്ഷേ മലയാളികൾക്ക് അത്ര വലിയ പരിചയം ഉണ്ടാകില്ല.

എന്നാൽ “പാറപ്പുറത്ത് “എന്ന തൂലികാനാമത്തിൽ ഒട്ടേറെ പട്ടാളകഥകൾ എഴുതി മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഈ എഴുത്തുകാരനെ അക്ഷരകേരളത്തിന്  ഒരിക്കലും മറക്കാൻ കഴിയുകയില്ല.

 ഇദ്ദേഹത്തിന്റെ  ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല , നിണമണിഞ്ഞ കാൽപ്പാടുകൾ , പണി തീരാത്ത വീട്, മനസ്വിനി, അരനാഴികനേരം, മകനേ നിനക്ക് വേണ്ടി , ഓമന തുടങ്ങിയ ഒട്ടേറെ കൃതികൾക്ക് ചലച്ചിത്രാവിഷ്ക്കാരം  ഉണ്ടായിട്ടുണ്ട്.

1972 – ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പാറപ്പുറത്തിന്റെ പണി തീരാത്ത വീട് എന്ന സിനിമയുടെ കഥക്ക് ലഭിച്ചിട്ടുണ്ട്

ഓണാട്ടുകരയുടെ കഥാകാരൻ എന്നറിയപ്പെട്ടിരുന്ന പാറപ്പുറത്തിന്റെ ചിത്രങ്ങളിലെ കാവ്യസുരഭിലമായ എല്ലാ ഗാനങ്ങളേയും അടയാളപ്പെടുത്തുക ബുദ്ധിമുട്ടാണെങ്കിലും ചില ഗാനങ്ങളെയെങ്കിലും പരാമർശിക്കാതിരിക്കാൻ കഴിയില്ല …

കേരളീയരെ പൊൻപുലരിയുടെ കിളിക്കൊഞ്ചലുമായി വിളിച്ചെഴുന്നേൽപ്പിക്കുന്ന “സുപ്രഭാതം ….. സുപ്രഭാതം …. സുപ്രഭാതം ….“എന്ന ജയചന്ദ്രന്റെ എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം പാറപ്പുറത്തിന്റെ  “പണി തീരാത്ത വീട് “എന്ന ചിത്രത്തിലേതാണ്.

 ഇതേ ചിത്രത്തിലെ വളരെ പ്രശസ്തമായ  “കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ …. എന്ന ദാർശനിക ഗാനം ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തിലെ ഇശൈമന്നൻ  എന്നറിയപ്പെടുന്ന എം എസ് വിശ്വനാഥനാണ് ആലപിച്ചത് .

 ഈ  രണ്ട് ഗാനങ്ങൾക്ക് സംഗീതം നൽകിയതും അദ്ദേഹം തന്നെ …. (രചന വയലാർ)

 കൂടാതെ “അനുപമേ അഴകേ…. (ചിത്രം  അരനാഴികനേരം

 രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

 “തെളിഞ്ഞു പ്രേമയമുന വീണ്ടും …

(ചിത്രം മനസ്സ്വിനി – രചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് –  ആലാപനം  യേശുദാസ്)

 “താമരക്കുമ്പിളല്ലോ മമഹൃദയം …

(ചിത്രം  അന്വേഷിച്ചു കണ്ടെത്തിയില്ല –  ഗാനരചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് – ആലാപനം എസ്  ജാനകി ) 

 “ജമന്തിപ്പൂക്കൾ  

 ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ …..

(ചിത്രം ഓമന –  രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം  യേശുദാസ് )

 “മാലാഖമാർ വന്ന് പൂ വിടർത്തുന്നത് മകനേ നിനക്കു വേണ്ടി ….. (ചിത്രം മകനേ  നിനക്ക് വേണ്ടി – രചന വയലാർ – സംഗീതം ദേവരാജൻ –  ആലാപനം സുശീല )

 “പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്ക്ക പഴുത്തുവല്ലോ മുഴുത്തുവല്ലോ ….. (ചിത്രം നിണമണിഞ്ഞ  കാൽപ്പാടുകൾ – രചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് –  ആലാപനം പി.ബി. ശ്രീനിവാസ് , പി.ലീല )

 “ആയിരം വില്ലൊടിഞ്ഞു 

 ആരോമനമെയ് മുറിഞ്ഞു ….

( ചിത്രം അക്കരപ്പച്ച – ഗാനരചന വയലാർ – സംഗീതം ദേവരാജൻ –  ആലാപനം യേശുദാസ് , മാധുരി )

എന്നീ ഗാനങ്ങൾക്കൊപ്പം മറുനാടൻ മലയാളികളെ ഏറ്റവുമധികം ആവേശം കൊള്ളിച്ചിട്ടുള്ള “നിണമണിഞ്ഞ കാൽപ്പാടുകൾ ”  എന്ന ചിത്രത്തിലെ “മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് 

മലയാളമെന്നൊരു നാടുണ്ട് ….” 

( പി ബി ശ്രീനിവാസ് )

എന്ന ഗാനവും അതേപോലെ തന്നെ ആദ്യ കിരണങ്ങൾ എന്ന ചിത്രത്തിലെ

 “ഭാരതമെന്നാൽ 

 പാരിൻ നടുവിൽ 

 കേവലമൊരു പിടി മണ്ണല്ല ….

 

(പി ഭാസ്കരൻ  -കെ രാഘവൻ –

പി സുശീല )

 എന്ന ഉജ്ജ്വലമായ ദേശഭക്തിഗാനവും  പാറപ്പുറത്ത് കഥ എഴുതിയ ചിത്രങ്ങളിലേതാണ്.

 1981 ഡിസംബർ 30ന് അന്തരിച്ച പാറപ്പുറത്തിന്റെ  ചരമവാർഷികദിനമാണിന്ന് …

ജീവിതഗന്ധിയായ  സിനിമകളിലൂടേയും കഥകളിലൂടേയും  ചലച്ചിത്ര ഗാനങ്ങളിലൂടേയും  അദ്ദേഹത്തിന്റെ ഓർമ്മകൾ മലയാള ചലച്ചിത്രരംഗത്തും ഗാനരംഗത്തും എന്നെന്നും നിലനിൽക്കും.

——————————————————–

 ( സതീഷ് കുമാർ  :  9030758774)