January 15, 2025 3:00 pm

മുഖത്ത് അടിക്കുന്നതല്ല വിപ്ളവം,  അഹങ്കാരം പാടില്ല : ജി.സുധാകരന്‍

ലപ്പുഴ: ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ളവമാണെന്നും, ഞങ്ങള് കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല’- സി പി എം നേതാവും മുന്‍ മന്ത്രി യുമായ ജി.സുധാകരന്‍ പറഞ്ഞു. എന്‍.ബി.എസ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു  അദ്ദേഹം.

സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാര്‍ട്ടി വളരുന്നതെന്നും  സുധാകരന്‍ ഓർമ്മിപ്പിച്ചു.. ‘അഞ്ചാറു പേര്‍ കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ?. അങ്ങനെ പാര്‍ട്ടി വളരുമെന്ന് ചിലര്‍ കരുതുകയാണ്, തെറ്റാണത്, ഇങ്ങനെയൊന്നുമല്ല. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും?’- അദ്ദേഹം ചോദിച്ചു.

‘മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കാന്‍ പറ്റുമോ? കണ്ണൂരില്‍ എവിടെയെങ്കിലും ഉണ്ടായേക്കാം. ആലപ്പുഴയില്‍ എങ്ങുമില്ല. മറ്റുള്ളവര്‍ക്കു കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്. പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എം.എല്‍.എ പറഞ്ഞു.

പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ആള്‍ക്കാര്‍ക്ക് ഓര്‍മയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേള്‍ക്കണം. പഴയത് കേള്‍ക്കുന്നത് പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാന്‍ വേണ്ടിയാണ്. ഇതൊക്കെ മനസിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ജീവിച്ചിരിക്കുന്നവര്‍ക്കാണ്. അല്ലെങ്കില്‍ ഇന്നു ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ വരും’-  സുധാകരന്‍ പറഞ്ഞു.

‘രാജ്യത്ത് 12% ആയിരുന്നു കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5% ആയി. കേരളത്തില്‍ 47% ആണ്. അതുകൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News