ഗവർണ്ണരെ അവഹേളിക്കാമോ ?

പി.രാജൻ

മാതൃഭൂമിയിൽ ജോലി ചെയ്ത കാലത്ത് ഒരു സന്ദർഭത്തിൽ മാത്രമേ എന്റെ ചീഫ് രാമചന്ദ്രൻ എന്നോട് ശബ്ദമുയർത്തി സംസാരിച്ചിട്ടുള്ളൂ. അത് ഗവർണ്ണറെ പരാമർശിച്ചു കൊണ്ട് ഞാൻ എഴുതിയ റിപ്പോർട്ടിലുള്ള അമർഷം പ്രകടിപ്പിച്ചതാണ്.

റിപ്പോർട്ട് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതല്ല. കോൺഗ്രസ്സ് പരിവർത്തനവാദികൾ ആയി മാറിയവർ, 1970 ൽ ആരംഭിച്ച നിർണ്ണയം വാരികയിൽ ഞാൻ എഴുതിയ റിപ്പോർട്ട് ആണ് ചീഫിന്റെ അരിശത്തിനു കാരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കൊച്ചിയിൽ പഴയ വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പിനെ കളിയാക്കുന്നതായിരുന്നൂ എന്റെ റിപ്പോർട്ട് .

സാധാരണ രീതിയിൽ നിന്നു മാറി ആചാരങ്ങളേയും സുരക്ഷാ സംവിധാനങ്ങളേയും ഭക്തി പ്രകടനങ്ങളേയും പരിഹസിക്കുന്ന ശൈലിയിൽ ആണ് അത് എഴുതിയത്. രാപ്പകൽ മദ്യപിച്ച് തൂങ്ങുന്ന കണ്ണുകളും തുടുത്ത മുഖവുമായി ഗവർണ്ണറും വന്നെത്തിയെന്ന് അന്ന് ഞാൻ എഴുതിയിരുന്നൂ.പരിഹാസ ശൈലിയിലുള്ള റിപ്പോർട്ട് ആണെങ്കിലും ഭരണഘടനാപരമായപദവി വഹിക്കുന്നയാളെക്കുറിച്ച് അങ്ങനെ എഴുതുന്നത് മാദ്ധ്യമ മര്യാദയനുസരിച്ച് അനുവദനീയമല്ലാത്ത കാലമായിരുന്നൂ അത്.

ഭരണഘടനാ പദവിയിലുള്ളവരോട് കാണിച്ചിരുന്ന ഈ മര്യാദ കാരണം ലോകത്തിലെ തന്നെ എണ്ണം പറഞ്ഞതാകുമായിരുന്ന ഒരു വാർത്ത ആദ്യം (scoop)കൊടുക്കുന്നതിന് എനിക്ക് കഴിയാതെ പോയിട്ടുണ്ട്. ഉപരാഷ്ട്രപതിയായിരുന്ന വി.വി.ഗിരി രാജി വെച്ച് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എ.ഐ.സി.സി. യോഗം നടന്നിരുന്ന ബാങ്കളൂരിൽ നിന്ന് ഞാൻ റിപ്പോർട്ട് കൊടുക്കേണ്ടതായിരുന്നു. പക്ഷെ ആ വാർത്ത ബാങ്കളൂരിൽ നിന്ന് സ്ഥിരീകരിക്കുന്നതിനു വഴിയില്ലായിരുന്നു.

ഭരണഘടനാ പദവി വഹിക്കുന്നവരെക്കുറിച്ച് സ്ഥിരീകരിക്കാത്ത വാർത്തകൾ എഴുതരുതെന്നാണ് ഞങ്ങൾ പാലിച്ചു വന്ന മര്യാദ.അതുകൊണ്ട് ഞാൻ റിപ്പോർട്ട് കൊടുത്തില്ല.എറണാകുളത്ത് നിന്നായിരുന്നെങ്കിൽ വഴിയുണ്ടായിരുന്നു. മാതൃഭൂമി ഡയറക്ടർ ആയിരുന്ന വി ഭാസ്ക്കര മേനോനെ (ഭാസി)കൊണ്ട് ഞാൻ ഗിരിയെത്തന്നെ വിളിപ്പിക്കുമായിരുന്നൂ. പഴയ മദ്രാസ്സ് പ്രവിശ്യയിൽ രാജാജി മന്ത്രിസഭയിൽ ഗിരിയോടൊപ്പം മന്ത്രിയായിരുന്ന കോങ്ങാട്ടിൽ രാമൻമേനോന്റെ മകൻ ആയ ഭാസി എന്റെ അച്ഛന്റെ ബന്ധത്തിലുള്ള അനന്തരവനുമാണ്.

————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക