ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് പ്രത്യേക കോടതി 25വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു.
2014 നവംബറില്‍ നടന്ന സംഭവത്തില്‍ ഒന്പതു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ശിക്ഷ. ഇതോടെ സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തില്‍നിന്നുള്ള രാംദുലാര്‍ ഗോണ്ട് അയോഗ്യനായി. 10 ലക്ഷം രൂപ പിഴയടക്കാനും അത് ഇരയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇന്‍ഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 376 (ലൈംഗിക ആക്രമണം/ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകള്‍ (പോസ്‌കോ) എന്നിവ പ്രകാരം ഡിസംബര്‍ 12 ന് എംഎല്‍എയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗോണ്ട് ബലാത്സംഗം ചെയ്തുവെന്നും പരാതി നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഇരയുടെ സഹോദരൻ 2014 നവംബര്‍ നാലിനാണ് പരാതി നല്‍കിയത്.
പൊലീസ് അന്വേഷണത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. 2023 ജനുവരിയില്‍, കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അഡീഷണല്‍ സെഷൻസ് കോടതി എംഎല്‍എയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പട്ടികവര്‍ഗ സമുദായത്തില്‍പ്പെട്ട ഗോണ്ട്, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദുദ്ദിയില്‍ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കുറഞ്ഞത് രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ നിലവിലെ എംപിയോ എംഎല്‍എയോ അയോഗ്യനാകുമെന്ന് 2013-ല്‍ സുപ്രീം കോടതി വിധിച്ചതിനാല്‍ നിയമസഭാ സീറ്റ് നഷ്‌ടപ്പെടാനുള്ള സാധ്യതയും അദ്ദേഹം നേരിടുന്നുണ്ട്.