തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല ക്യാമ്പസുകളിലൊന്നും തന്നെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്ഷോ ആണ് ഗവർണറെ വെല്ലുവിളിച്ചത്.
ഡിസംബർ 18നു കാലിക്കട്ട് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമപീഠത്തിന്റെ സെമിനാറിൽ പങ്കെടുത്തു കൊണ്ടായിരിക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ്റെ മറുപടി.
16 മുതൽ 18 വരെ കാലിക്കട്ട് സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കാനാണ് ഗവർണർ ഒരുങ്ങുന്നത്. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു ഗവർണറുടെ തീരുമാനം. എസ്എഫ്ഐയുടെ പ്രഖ്യാപനം വന്നതോടെ താമസം കാന്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തനിയ്ക്കു നേർക്കുള്ള എസ്എഫ്ഐയുടെ പ്രതിഷേധം നടന്നതെന്നത് എന്നാണ് ഗവർണറുടെ ആരോപണം
അതിനിടെ തിരുവനന്തപുരത്തു ഗവർണർക്കു നേർക്കുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചു. ഗവർണറുടെ യാത്രയ്ക്കിടയിലുണ്ടായ സംഭവങ്ങൾ വിശദീകരിച്ചാണു റിപ്പോർട്ട് .
തിങ്കളാഴ്ചയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞ് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. ഗവർണർ തിങ്കളാഴ്ച വിമാനത്താവളത്തിലേക്ക് പോകുംവഴി പാളയത്തുവച്ചായിരുന്നു ആദ്യ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പിന്നീട് പേട്ടയിലും പ്രതിഷേധം ഉണ്ടായി.
ഇതോടെ ഗവർണർ കാറിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറഞ്ഞ് അതിരൂക്ഷ വിമർശനം നടത്തി.
എസ്എഫ്ഐ പ്രവർത്തകരെ “”ബ്ലഡി ക്രിമിനൽസ് ”എന്നു വിശേഷിപ്പിച്ച ഗവർണർ, തന്നെ കായികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയാണു നടന്നതെന്നും അതിന്റെ തലവൻ മുഖ്യമന്ത്രിയാണെന്നും തുറന്നടിച്ചു. പിന്നീട് വിമാനത്താവളത്തിലെത്തിയപ്പോൾ ഗവർണർ സുരക്ഷാവീഴ്ചയുടെ പേരിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.