സതീഷ് കുമാർ വിശാഖപട്ടണം
ഒരു സിനിമ ബോക്സോഫീസിൽ വമ്പൻ വിജയം കൈവരിച്ചാൽ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് സ്വാഭാവികമാണല്ലോ …?
ഇത്തരം ചിത്രങ്ങളിൽ അതാതു ഭാഷകളിലെ മാർക്കറ്റ് വാല്യൂ ഉള്ള നായികാനായകന്മാരായിരിക്കും അഭിനയിക്കുക . എന്നാൽ ഒരു ഭാഷയിൽ വൻവിജയം നേടിയ ചിത്രത്തിലെ നായിക എല്ലാ ഭാഷകളിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ വിജയം നേടിയെടുത്ത ചരിത്രവും നമുക്ക് അപരിചിതമല്ല.
1974-ൽ മഞ്ഞിലാസിന്റെ ബാനറിൽ എം ഓ ജോസഫ് നിർമ്മിച്ച് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് ലക്ഷ്മി നായികയായി അഭിനയിച്ച “ചട്ടക്കാരി “എന്ന ചിത്രത്തിന് അത്തരമൊരു വലിയ വിജയഗാഥയാണ് പറയുവാനുള്ളത്. ഏതാനും തമിഴ് ചിത്രങ്ങളിൽ മുഖം കാണിച്ചിരുന്ന ലക്ഷ്മി എന്ന യുവസുന്ദരിയുടെ മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ചട്ടക്കാരി .
ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച ലക്ഷ്മി ചട്ടക്കാരിയിലൂടെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം നായികയായി അരങ്ങേറി. എല്ലാ ഭാഷകളിലും ചട്ടക്കാരി സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു …
മദ്രാസ്സിൽ സ്ഥിരതാമസമാക്കിയ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു ലക്ഷ്മി. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ വിവാഹം കഴിക്കുകയും ഒരു കുഞ്ഞിന്റെ അമ്മയാവുകയും ചെയ്ത ലക്ഷ്മി ചട്ടക്കാരിയിലെ നായകൻ മോഹൻ ശർമ്മയുമായി പ്രണയത്തിലാവുകയും ആ പ്രണയം രണ്ടാം വിവാഹത്തിലേക്ക് എത്തിച്ചേരുകയുമുണ്ടായി.
ഷീലയും ജയഭാരതിയും വിജയശ്രീയുമെല്ലാം കത്തി നിൽക്കുന്ന കാലത്തുതന്നെയാണ് ലക്ഷ്മി മലയാളസിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ചെടുത്തത്. മലയാള സിനിമയ്ക്ക് വേറിട്ട മുഖപ്രസാദം നൽകിയ ഭരതന്റെ ആദ്യ ചിത്രം “പ്രയാണ ” ത്തിലെ നായികയും ലക്ഷ്മി ആയിരുന്നു. ശശികുമാർ സംവിധാനം ചെയ്ത “പിക്നിക്ക് ” എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായതോടുകൂടി ലക്ഷ്മി മലയാളികളുടെ ഹരമായി മാറി എന്നു പറയുന്നതായിരിക്കും ശരി.
പ്രശസ്ത തമിഴ് സാഹിത്യകാരൻ ജയകാന്തന്റെ “ചിലനേരങ്ങളിൽ ചില മനിതർകൾ “എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കണത്തിലെ അഭിനയത്തിന് ലക്ഷ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
ശാലീന സൗന്ദര്യം നിറഞ്ഞൊഴുകുന്ന ലക്ഷ്മിയുടെ മുഖശ്രീയിലൂടെ എത്രയോ അനശ്വര മലയാളഗാനങ്ങളാണ് കേരളത്തിന് സ്വന്തമായത് …..
“വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി … (പിക്നിക് )
“പൂവിനു കോപം വന്നാൽ ….
( ചട്ടമ്പിക്കല്യാണി )
“ചെട്ടികുളങ്ങര ഭരണി നാളിൽ … ( സിന്ധു )
“ആലാപനം ആലാപനം …
( ഗാനം )
“മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം … ( പൊന്നി)
“നാടൻ പാട്ടിലെ മൈന നാടോടി പാട്ടിലെ മൈന …. (രാഗം )
” പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാൻ … ( സ്വാമി അയ്യപ്പൻ)
“മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും…
( ചട്ടക്കാരി )
“പൂവുകൾക്ക് പുണ്യകാലം …
( ചുവന്ന സന്ധ്യകൾ)
“ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത് … (പിക്നിക് )
“ഇവിടെ കാറ്റിനു സുഗന്ധം ഇതിലെ പോയത് വസന്തം…
(രാഗം )
“സ്വന്തമെന്ന പദത്തിനെന്തർത്ഥം ….
( മോഹിനിയാട്ടം ) എന്നീ ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ സംഗീതപ്രേമികളുടെ മനസ്സിൽ ലക്ഷ്മി എന്ന പ്രിയനടിയുടെ മുഖമാണ് തെളിഞ്ഞു വരിക…
1952 ഡിസംബർ 13- ന് ജനിച്ച ലക്ഷ്മി എന്ന ദക്ഷിണേന്ത്യൻ നടിയുടെ ജന്മദിനമാണിന്ന്…
മലയാളനാടിന് മറക്കാനാവാത്ത ഒട്ടേറെ ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ പ്രിയനടിക്ക് പിറന്നാളാശംസകൾ നേരുന്നു ….
————————————–
( സതീഷ് കുമാർ: 9030758774 )
————————————-