കൊച്ചി: സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം എന്നിവ അംഗീകരിക്കില്ലെന്ന് കേരളാ കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) സമ്മേളനം വ്യക്തമാക്കി.
പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്‌മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണ് ഇത്തരം ചിന്താഗതികൾ എന്ന് സമ്മേളനം വിലയിരുത്തി. സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം എന്നിവ സംബന്ധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായങ്ങളെ നിരാകരിച്ചു കൊണ്ടാണ് മെത്രാൻ സമിതിയുടെ ഈ തീരുമാനം.
ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവ പുതുതലമുറയെ വഴിതെറ്റിക്കുന്നവയാണെന്നും സമിതി കുറ്റപ്പെടുത്തി
ഡിസംബര്‍ 4,5,6 തീയതികളിലായി പാലാരിവട്ടം പി ഒ സി യില്‍ നടന്ന സമ്മേളനാനന്തരം പുറപ്പെടുവിച്ച വാർത്താ കുറിപ്പിലാണ് കെ.സി.ബി.സി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജെ ബി കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഴുവനായിതന്നെ പരസ്യമാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സഭാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും അതിവേഗം മാറിവരുന്നസാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ ഗൗരവത്തോടെ കാണണമെന്ന് മെത്രാന്‍ സമിതി വിലയിരുത്തി.
സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണോ വേണ്ടയോ എന്ന ഹർജി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് തള്ളിയത് മെത്രാൻ സമിതിക്ക് പിടിവള്ളിയായി മാറുകയായിരുന്നു. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ രണ്ടുപേർ സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരം നൽകണമെന്ന നിലപാട് എടുത്തപ്പോൾ മറ്റു മൂന്നു പേർ പ്രതികൂലിച്ചു.
18 സ്വവർഗ ദമ്പതികൾക്കുവേണ്ടിയാണ് കോടതിയിൽ ഹർജി സമർപ്പിരുന്നത്. വിവാഹത്തിൻ്റെ നിയമപരവും സാമൂഹികവുമായ പദവിയുമായുള്ള തങ്ങളുടെ ബന്ധം അംഗീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, എസ് ആർ ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.
വിഷയത്തിൽ എത്രത്തോളം മുന്നോട്ട് പോകണം എന്ന കാര്യത്തിൽ യോജിപ്പും വിയോജിപ്പും ഉണ്ടെന്ന് വിധിന്യായം വായിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് പറഞ്ഞു. ആകെ നാല് വിധിന്യായങ്ങളുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. ഒന്ന് ചീഫ് ജസ്‌റ്റിസിന്റേയും മറ്റുള്ളവ ജസ്‌റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരുടെയും. “ഒരു പരിധിവരെ യോജിപ്പുണ്ട്, ഒരു പരിധിവരെ വിയോജിപ്പുമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സുപ്രീം കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും, അത് വ്യാഖ്യാനിക്കാനും പ്രാബല്യത്തിൽ വരുത്താനും മാത്രമേ കഴിയൂ എന്നും വിധി വായിച്ചുകൊണ്ട് ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 2018-ൽ സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള വിധി പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും, സ്വവർഗാനുരാഗികൾക്ക് വിവാഹത്തിനുള്ള നിയമപരായ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു. നേരത്തെ ഐപിസി സെക്ഷൻ 377 പ്രകാരം സ്വവർഗരതിയെ കുറ്റമായി കണക്കാക്കിയിരുന്നു.
33 രാജ്യങ്ങൾ സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 10 രാജ്യങ്ങളിലെ കോടതികൾ സ്വവർഗ വിവാഹം അംഗീകരിച്ചിട്ടുമുണ്ട്. ഇതുകൂടാതെ 22 രാജ്യങ്ങൾ നിയമങ്ങൾ ഉണ്ടാക്കി സ്വവർഗ്ഗ വിവാഹത്തെ അംഗീകരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയും തായ്‌വാനും കോടതി ഉത്തരവിലൂടെ നിയമപരമാക്കി മാറ്റുകയായിരുന്നു.
നെതർലൻഡ്‌സാണ് 2001-ൽ ആദ്യമായി സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. ഏഷ്യയിൽ ആദ്യമായി സ്വവർഗ വിവാഹം നിയമവിധേയമാക്കിയത് തായ്‌വാനിലായിരുന്നു. അതേസമയം സ്വവർഗ വിവാഹം അംഗീകരിക്കാത്ത നിരവധി രാജ്യങ്ങളുണ്ട്. ലോകത്ത് 64 രാജ്യങ്ങൾ ഇതുവരെ സ്വർഗ്ഗവിവാഹം അനുവദിച്ചിട്ടില്ല. ഈ രാജ്യങ്ങളിൽ സ്വവർഗ ലൈംഗികതയെ നിയമവിദ്ധമായി കാണുകയും വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമായി കണക്കാക്കുകയും ചെയ്യുന്നു.
മലേഷ്യയിൽ സ്വവർഗ വിവാഹം നിയമവിരുദ്ധമാണ്. സിംഗപ്പൂരിൽ നിയന്ത്രണങ്ങൾ നിലനിന്നിരുന്നു എങ്കിലും കഴിഞ്ഞ വർഷം നിയന്ത്രണങ്ങൾ അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും, അവിടെ വിവാഹങ്ങൾ അംഗീകരിക്കപ്പെടുന്നില്ല. ജപ്പാൻ ഉൾപ്പെടെ ഏഴ് വലിയ സാമ്പത്തിക രാജ്യങ്ങൾ പോലും സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി നൽകുന്നില്ല.
ക്യൂബ, അൻഡോറ, സ്ലോവേനിയ, ചിലി, സ്വിറ്റ്‌സർലൻഡ്, കോസ്റ്റാറിക്ക, ഓസ്ട്രിയ, ഓസ്‌ട്രേലിയ, തായ്‌വാൻ, ഇക്വഡോർ, ബെൽജിയം, ബ്രിട്ടൻ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഐസ്‌ലൻഡ്, അയർലൻഡ്, ലക്സംബർഗ്, മാൾട്ട, നോർവേ, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്, കൊളംബിയ, ബ്രസീൽ, അർജൻ്റീന, കാനഡ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, ഉറുഗ്വേ എന്നിവയാണ് സ്വവർഗ വിവാഹം അംഗീകരിച്ചിട്ടുള്ള ലോകത്തിലെ 34 രാജ്യങ്ങൾ.
ലോകജനസംഖ്യയുടെ 17 ശതമാനം താമസിക്കുന്നത് ഈ രാജ്യങ്ങളിലാണ്. ഇതിൽ അൻഡോറ, ക്യൂബ, സ്ലോവേനിയ എന്നീ മൂന്ന് രാജ്യങ്ങൾ കഴിഞ്ഞ വർഷം മാത്രമാണ്സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മൗറിറ്റാനിയ, ഇറാൻ, സൊമാലിയ, വടക്കൻ നൈജീരിയയുടെ ചില ഭാഗങ്ങൾ എന്നിവ സ്വവർഗ വിവാഹത്തിനെതിരെ കർശന നിയമങ്ങളാണ് നിലനിൽക്കുന്നത്. സ്വവർഗ്ഗ ലെെംഗികതയ്ക്ക് ശരീഅത്ത് കോടതികളിൽ വധശിക്ഷ പോലും നൽകാനുള്ള വ്യവസ്ഥയുണ്ട്.
ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ, സ്വവർഗരതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവും വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റ് 30 ആഫ്രിക്കൻ രാജ്യങ്ങളിലും സ്വവർഗ്ഗ ലെെംഗികത നിരോധിച്ചിട്ടുണ്ട്. 71 രാജ്യങ്ങളിൽ ജയിൽ ശിക്ഷയ്ക്ക് വ്യവസ്ഥയുമുയുണ്ട്.
അടുത്തിടെയാണ് ചിലിയും സ്വിറ്റ്‌സർലൻഡും സ്വവർഗ വിവാഹം നിയമപരമായി അംഗീകരിച്ചത്. സ്വവർഗ വിവാഹത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യതയും വർദ്ധിച്ചു തുടങ്ങിയതായി സമീപകാല സർവേകൾ വ്യക്തമാക്കുന്നുണ്ട്. സ്വീഡനിൽ 94 ശതമാനം ആളുകളും സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നുണ്ട്.
24 രാജ്യങ്ങളിലെ 53 ശതമാനം ആളുകളും സ്വവർഗ വിവാഹം അംഗീകരിക്കുന്നുണ്ടെന്നാണ് പ്യൂ റിസർച്ച് നടത്തിയ സർവേയിലൂടെ വ്യക്തമാകുന്നത്. ലോകത്തെ 70 ശതമാനം ആളുകളും സ്വവർഗ്ഗ വിവാഹം അനുവദിക്കണമെന്ന ആവശ്യക്കാരാണെന്ന് IPSOS എന്ന സംഘടനയുടെ ഒരു സർവേയിലൂടെ വ്യക്തമായിരുന്നു. സർവേയിൽ പങ്കെടുത്ത 24 രാജ്യങ്ങളിലെ പ്രായപൂർത്തിയായ ജനസംഖ്യയുടെ 53 ശതമാനം സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്നതിനെ പിന്തുണക്കുകയായിരുന്നു.
നെതർലൻഡ്‌സാണ് ആദ്യമായി സ്വവർഗ വിവാഹം അംഗീകരിച്ചത്. അവിടെ പാർലമെൻ്റഞിൽ 2000-ലാണ് ഈ നിയമം നിലഏവിൽ വന്നത്. 3-1 ഭൂരിപക്ഷത്തിലാണ് ബിൽ പാസാക്കിയത്. 2001 ഏപ്രിൽ 1 മുതൽ ഇത് നിയമപരമായി പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ നിയമം അനുസരിച്ച് സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനും വിവാഹമോചനം നേടാനും കുട്ടികളെ ദത്തെടുക്കാനും അവകാശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയും സർവേ അവകാശപ്പെടുന്നുണ്ട്. പ്യൂ റിസർച്ച് സെൻ്ററിൻ്റെ ‘സ്പ്രിംഗ് 2023 ഗ്ലോബൽ ആറ്റിറ്റ്യൂഡ്സ് സർവേ’ സർവേയിൽ പങ്കെടുത്ത 53 ശതമാനം ഇന്ത്യക്കാരും സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്.