February 3, 2025 3:07 am

കടമെടുത്തു മുടിയുന്ന ജീവിതങ്ങൾ

കൊച്ചി :  “ബാങ്കുകളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും പണം വായ്പയായി കിട്ടാതെ വരുമ്പോൾ ലോൺ ആപ്പുകളെയും മറ്റും ആശ്രയിക്കും, അല്ലെങ്കിൽ കൊള്ളപ്പല്ലിശയ്ക്ക് പണം കടം വാങ്ങും.
മറ്റുള്ളവർ നോക്കുമ്പോൾ ഇവരുടെ ജീവിതം അടിപൊളി ആയിരിക്കും. ദുരഭിമാനം കാരണം സ്വന്തമായി ഉള്ള വീടോ, സ്ഥലമോ മറ്റു ആസ്തികളോ വിൽക്കാനും ഇവർ തയാറാകില്ല” കടമെടുത്തു മുടിയുന്ന കേരളത്തിലെ മധ്യവർഗ മനുഷ്യരെക്കുറിച്ചു ജിതിൻ ജേക്കബ് ഫേസ്ബുക്കിലെഴുതുന്നു…
ബ്രാൻഡഡ് സാധനങ്ങളോടുള്ള ഭ്രാന്ത്‌ മലയാളിക്ക് കൂടി കൂടി വരികയാണ്. പണം ഉള്ളവൻ സാധാരണ വസ്ത്രങ്ങളും, ഫോണുകളും ഒക്കെ വാങ്ങുമ്പോൾ ഇടത്തരക്കാർ ബ്രാൻഡിംഗ് സാധനങ്ങളുടെ പിന്നാലെയാണ്.
സാമ്പത്തീക അച്ചടക്കം പാലിക്കാതെയുള്ള ജീവിതം നമ്മുടെ ജീവിതം തകർക്കും. മറ്റുള്ളവരുടെ കണ്ണ് തള്ളിക്കാനും, മറ്റുള്ളവരെ കാണിക്കാനും ആണ് മലയാളി ജീവിക്കുന്നത് തന്നെ.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:

കടത്തിൽ നിന്ന് രക്ഷപെടാൻ ഒന്നെങ്കിൽ കൂട്ട ആത്മഹത്യ അല്ലെങ്കിൽ എന്ത് ഹീനകൃത്യവും നടത്തി പണം സമ്പാദിക്കുക എന്നതിന്റെ അവസാനത്തെ ഉദാഹരണം ആണ് കൊല്ലത്ത് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ പ്രതികളുടേതായി പുറത്ത് വന്ന മൊഴി.

അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തീക നിലയിൽ ജീവിക്കുന്നവർക്ക് ആ നിലവാരത്തിൽ നിന്ന് താഴേക്ക് ഇറങ്ങി ജീവിക്കേണ്ട സാഹചര്യം ഉണ്ടായാൽ അത് ഉൾകൊള്ളാൻ കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ദുരഭിമാനം ആണ് പ്രധാന വില്ലൻ.
സാമ്പത്തീക അച്ചടക്കം പാലിക്കാതെ കിട്ടാവുന്ന കടം മുഴുവൻ വാങ്ങി കൂട്ടും. അറിയാത്ത ബിസിനസ്‌ എല്ലാം ചെയ്ത് നഷ്ടം വരുത്തും. അപ്പോഴും അവരുടെ ജീവിത നിലവാരം അൽപ്പം പോലും താഴ്ത്താനോ, അനാവശ്യ ചെലവുകൾ കുറയ്ക്കാനോ ഇവർ ശ്രമിക്കില്ല.
ബാങ്കുകളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും പണം വായ്പയായി കിട്ടാതെ വരുമ്പോൾ ലോൺ ആപ്പുകളെയും മറ്റും ആശ്രയിക്കും, അല്ലെങ്കിൽ കൊള്ളപ്പല്ലിശയ്ക്ക് പണം കടം വാങ്ങും.
മറ്റുള്ളവർ നോക്കുമ്പോൾ ഇവരുടെ ജീവിതം അടിപൊളി ആയിരിക്കും. ദുരഭിമാനം കാരണം സ്വന്തമായി ഉള്ള വീടോ, സ്ഥലമോ മറ്റു ആസ്തികളോ വിൽക്കാനും ഇവർ തയാറാകില്ല.

അവസാനം ഒന്നെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യും അല്ലെങ്കിൽ ഇതുപോലത്തെ ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ തയാറാകും.താൽക്കാലിക പിടിച്ചു നിൽക്കൽ മാത്രമാണ് ഇവർ ലക്ഷ്യം. 5 കോടി കടം ഉണ്ടെന്ന് പൊലീസ് പറയുന്ന പ്രതി ലക്ഷ്യമിട്ടത് കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യമായി കിട്ടുന്ന 10 ലക്ഷം രൂപ കൊണ്ട് കടം വാങ്ങിയ പണത്തിന്റെ പലിശ അടയ്ക്കാനായിരുന്നത്രെ….!

അതായത് ഈ തട്ടിക്കൊണ്ടു പോകൽ വിജയിച്ചിരുന്നു എങ്കിൽ ഇവർ വീണ്ടും ഇതിലും ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമായിരുന്നു എന്ന് ചുരുക്കം.
പണത്തിനു വേണ്ടി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസ് വെറും ക്രിമിനൽ കേസ് മാത്രമല്ല, മറിച്ച് സാമൂഹിക വിഷയം കൂടിയാണ്.
ഇത് ഒറ്റപെട്ട സംഭവം അല്ല. കേരളത്തിൽ ഇടത്തരം കുടുംബങ്ങളിൽ നല്ലൊരു ശതമാനവും കടുത്ത സാമ്പത്തീക ഞെരുക്കത്തിലാണ് എന്നത് സാമ്പത്തീക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. ഉള്ളവന്റെ കയ്യിൽ ആവശ്യത്തിന് പണം, ഇല്ലാത്തവൻ നക്ഷത്രമെണ്ണുകയാണ്.
ലോൺ ആപ്പുകളിൽ നിന്ന് 5000 ഉം 10000 ഉം ഒക്കെ ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങുമ്പോൾ ആത്മഹത്യ ചെയ്യുന്ന എത്രയോ വാർത്തകൾ ഈയിടെ കേരളം കണ്ടു. ഒറ്റ നോട്ടത്തിൽ ഇവർക്കൊക്കെ സാമ്പത്തീക ബാധ്യത ഉണ്ടെന്ന് ആർക്കും തോന്നില്ല, അതുപോലാണ് ജീവിത രീതി.
ബ്രാൻഡഡ് സാധനങ്ങളോടുള്ള ഭ്രാന്ത്‌ മലയാളിക്ക് കൂടി കൂടി വരികയാണ്. പണം ഉള്ളവൻ സാധാരണ വസ്ത്രങ്ങളും, ഫോണുകളും ഒക്കെ വാങ്ങുമ്പോൾ ഇടത്തരക്കാർ ബ്രാൻഡിംഗ് സാധനങ്ങളുടെ പിന്നാലെയാണ്.
സാമ്പത്തീക അച്ചടക്കം പാലിക്കാതെയുള്ള ജീവിതം നമ്മുടെ ജീവിതം തകർക്കും. മറ്റുള്ളവരുടെ കണ്ണ് തള്ളിക്കാനും, മറ്റുള്ളവരെ കാണിക്കാനും ആണ് മലയാളി ജീവിക്കുന്നത് തന്നെ.

കടം വാങ്ങിക്കില്ല എന്ന് തീരുമാനിക്കുന്ന ആ നിമിഷം കുടുംബത്തിൽ സന്തോഷം തുടങ്ങുകയാണ്. എന്ന് വെച്ച് ബാങ്കിൽ നിന്ന് ലോൺ എടുക്കരുതെന്നോ ഒന്നുമല്ല പറയുന്നത്. നമ്മളെ കൊണ്ട് താങ്ങാവുന്ന ലോൺ മാത്രം എടുക്കുക. 40 – 45 വയസ്സിനുള്ളിൽ ലോണുകൾ മുഴുവൻ അടച്ചു തീർത്തിരിക്കണം. ആ പ്രായം ആകുമ്പോൾ തന്നെ ജീവിതത്തിന്റെ പകുതി കഴിഞ്ഞു, ലോൺ തിരിച്ചടക്കാൻ വേണ്ടി അല്ലല്ലോ ജീവിതം..അറിയാത്ത ബിസിനസുകൾ ചെയ്യാതിരിക്കുക. പാർട്ണർഷിപ് ബിസിനസ്‌ കഴിയുന്നതും ഒഴിവാക്കുക. വരുമാനത്തിന്റെ 30% ത്തിന് മേൽ വായ്പ തിരിച്ചടവ് ആണെങ്കിൽ നമ്മുടെ സന്തോഷം അവിടെ തീരുകയായി.EMI അടയ്ക്കാനും പലിശ കൊടുക്കാനും ഉള്ളതല്ല ജീവിതം. ഒരു കടത്തിന്റെ പലിശ വീട്ടാൻ കൂടുതൽ പലിശയ്ക്ക് മറ്റു കടം എടുക്കുന്ന എത്രയോ പേരുണ്ട്.

ഉള്ള സ്വത്ത് വിറ്റ് കടം വീട്ടിയാൽ നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കുന്നവരെയൊക്കെ കാത്തിരിക്കുന്നത് ഇതൊക്കെ തന്നെയാണ്.
ഇനി നിർഭാഗ്യം കൊണ്ട് കടം പെരുകി ഒരു മാർഗവും ഇല്ലാതായാൽ, ഉള്ള ആസ്തികൾ വിറ്റിട്ട് വാടകക്ക് താമസിച്ചാലും സാരമില്ല. നാട്ടുകാർ അല്ല നമുക്ക് ചെലവിന് നൽകുന്നത്. നാട്ടുകാരുടെ വാ അടിപ്പിക്കാൻ ആരെകൊണ്ടും സാധിക്കുകയുമില്ല. അതുപോലെ സാമ്പത്തീക പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സാമ്പത്തീക അച്ചടക്കം പാലിച്ച് ചെലവുകൾ കുറച്ച് ജീവിക്കാൻ കുടുംബത്തിലെ എല്ലാവരും തയാറാകുകയും വേണം.
മക്കളൊക്കെ എല്ലാ സുഖ സൗകര്യത്തോടും കൂടി ജീവിച്ചതാണ്, അവർക്ക് അതൊന്നും ഇല്ലാതെ പറ്റില്ല എന്നൊക്കെ പറയുന്നവർ ഉണ്ട്. സുഖത്തിലും ദാരിദ്ര്യത്തിലും കഴിയാൻ കുടുംബത്തിലെ എല്ലാവരും തയാറാകണം. ഈ നിമിഷവും കടന്നു പോകും എന്ന ചിന്ത മനസ്സിൽ ഉണ്ടാകുന്നത് നല്ലതാണ്.
കേരളത്തിൽ സാമ്പത്തിക തകർച്ചയെ തുടർന്നുള്ള കുറ്റകൃത്യങ്ങൾ ഇനിയും കൂടും എന്നാണ് കരുതുന്നത്. പരിഹാരം ആത്മഹത്യയോ, ക്രിമിനൽ കുറ്റം ചെയ്ത് പണം ഉണ്ടാക്കലോ അല്ല.
നാട്ടുകാരെ കാണിക്കാൻ അല്ല നമ്മുടെ ജീവിതം. ഉള്ളത് കൊണ്ട് കഴിഞ്ഞു പോകുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. അർക്ക് വലിയ വീടോ, കാറോ ഒന്നുമില്ലായിരിക്കും, പക്ഷെ സന്തോഷമുണ്ട്. അതല്ലേ വലുത്… നമ്മുടെ ചെറിയ ജീവിതം കടം വാങ്ങിയും, EMI അടച്ചും എന്നും ടെൻഷൻ അടിച്ച് നരകിച്ചു തീർക്കാതെ ഉള്ളതിൽ സന്തോഷം കണ്ടെത്തി ജീവിക്കാൻ ശ്രമിക്കുക…

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News