ഈ പുണ്യഭൂമിയിൽ ജന്മമെടുത്ത എല്ലാവരും അഭിമുഖീകരിക്കുന്ന കടുത്ത യാഥാർത്ഥ്യമാണ് മരണം…
മരണം എപ്പോൾ എങ്ങിനെ കടന്നു വരുന്നു എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. “രംഗബോധമില്ലാത്ത കോമാളി ” എന്ന് സാക്ഷാൽ എം ടി വാസുദേവൻ നായർ തന്നെ വിശേഷിപ്പിച്ച
മരണചിന്തകളെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ ഒരു കഥയുണ്ട് “സ്വർഗ്ഗവാതിൽ തുറക്കുന്ന സമയം. “
എന്റെ ഓർമ്മ ശരിയാണെങ്കിൽ വർഷങ്ങൾക്ക് മുമ്പ് “കലാകൗമുദി ” യിൽ പ്രസിദ്ധീകരിച്ച ആ കഥയാണ് പിന്നീട് ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും സീമയും അഭിനയിച്ച “ആൾക്കൂട്ടത്തിൽ തനിയെ ” എന്ന മനോഹര ചലച്ചിത്രമായി മാറിയത് ….
മലയാള ചലച്ചിത്രഗാനശാഖയിൽ മരണത്തെക്കുറിച്ച് ഒട്ടേറെ ഗാനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ആസന്നമായ മരണചിന്തകളെ കുറിച്ച് ഒരു ഗാനം കേൾക്കുന്നത് 2012-ൽ പുറത്തുവന്ന “സ്പിരിറ്റ് ” എന്ന ചിത്രത്തിലാണ്…
റഫീക്ക് അഹമ്മദ് എഴുതി ഷഹബാസ് അമൻ സംഗീതം നൽകി ഉണ്ണിമേനോൻ പാടിയ
“മരണമെത്തുന്ന നേരത്തു
നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ …..”
എന്ന ഗാനം മരണം കാത്തു കിടക്കുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയും മനസ്സിൽ എരിഞ്ഞടങ്ങാത്ത മോഹങ്ങളുടെ നേർക്കാഴ്ചയുമായിരുന്നു ….
കവിതയും സാഹിത്യവും മനസ്സിൽ കൊണ്ടുനടന്നിരുന്ന പാട്ടെഴുത്തിന്റെ മേഖല സ്വപ്നം കാണുക പോലും ചെയ്യാതിരുന്ന റഫീക്ക് അഹമ്മദ് എന്ന കവിയെ കേരളം നെഞ്ചിലേറ്റിയത് ഈ ഒരൊറ്റ ഗാനത്തോടെയാണ് …..
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള അക്കിക്കാവിൽ ജനിച്ച റഫീക്ക് അഹമ്മദ് , പ്രിയ സുഹൃത്ത് പി.ടി.കുഞ്ഞുമുഹമ്മദിന്റെ നിർബ്ബന്ധപ്രകാരം ” ഗർഷോം ” എന്ന ചിത്രത്തിൽ പാട്ടെഴുതിക്കൊണ്ടാണ് ചലച്ചിത്രഗാനരംഗത്ത് ഹരിശ്രീ കുറിക്കുന്നത്.
രമേശ് നാരായണന്റെ സംഗീതത്തിൽ ഹരിഹരൻ പാടിയ റഫീക്ക് അഹമ്മദിന്റെ
“പറയാൻ മറന്ന പരിഭവങ്ങൾ ”
എന്ന ആദ്യഗാനം തന്നെ ഒരു പുതിയ രാഗഭാവത്തോടെ ചലച്ചിത്ര സംഗീതപ്രേമികളുടെ മനസ്സിൽ കൂടുകൂട്ടുകയുണ്ടായി…..
പിന്നീട് കമലിന്റെ പെരുമഴക്കാലത്തിലെ “രാക്കിളി തൻ വഴി മറയും നോവിൻ പെരുമഴക്കാല “വും ആസ്വാദകമനസ്സുകളിൽ സൃഷ്ടിച്ച അനുരണനങ്ങൾ വിസ്മയാവഹമായിരുന്നു…
ഒട്ടേറെ സാഹിത്യ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം ഏകദേശം 600 -ൽ പരം ഗാനങ്ങളാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളത്തിൽ എഴുതിത്തീർത്തത് …..
പ്രണയകാലം (2007)
സൂഫി പറഞ്ഞ കഥ (2009)
സദ്ഗമയ (2010 )
സ്പിരിറ്റ് (2012 )
എന്ന് സ്വന്തം മൊയ്തീൻ (2015) എന്നീ ചിത്രങ്ങളിലെ ഗാനരചനക്ക് അഞ്ചു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്ക്കാരം റഫീക്ക് അഹമ്മദിന് ലഭിച്ചിട്ടുണ്ട്…..
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പാടി സൂപ്പർ ഹിറ്റാക്കിയ “റൺ ബേബി റൺ “
എന്ന ചിത്രത്തിലെ “ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞനാൾ കുഞ്ഞിളംകൈ വീശി നീ തോണിയേറിപ്പോയില്ലേ ….”എന്ന ജനപ്രിയ ഗാനത്തിന്റെ വരികൾ എഴുതാനും ഭാഗ്യമുണ്ടായത് റഫീക്ക് അഹമ്മദിനാണ് .
ഈ ഒരൊറ്റ ഗാനം കൊണ്ട് അഭിനയിക്കാൻ മാത്രമല്ല മനോഹരമായി പാടാനും തനിക്ക് കഴിയുമെന്ന് മോഹൻലാൽ തെളിയിക്കുകയുണ്ടായി ….
“തട്ടം പിടിച്ചു വലിക്കല്ലേ ……
( ചിത്രം പരദേശി, സംഗീതം രമേഷ് നാരായണൻ , ആലാപനം സുജാത മോഹൻ )