മോഹന്‍ദാസ്.കെ
ഒരു പാര്‍ട്ടി ജനകീയമായോ എന്നു നോക്കാന്‍ ശാസ്ത്രീയമായ ഒട്ടേറെ സംഭവഗതികള്‍ ഉണ്ടെങ്കിലും അതൊന്നും ഇല്ലാതെ അറിയാനുള്ള എളുപ്പമാര്‍ഗം ഏതെന്നറിയുമോ? വിശകലനം ചെയ്ത് കാര്യങ്ങള്‍ അറിയുന്നതിനെക്കാള്‍ പൊടുന്നനെ നമുക്ക് കാര്യങ്ങളെക്കുറിച്ച് ശരിയായ ഒരു അവബോധം കിട്ടാന്‍ ചെറിയ ചില സംഗതികള്‍ മതി.അതിനെക്കുറിച്ച് നമുക്കൊന്നു നോക്കാം.
ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും അവരുടെ ഉല്‍ക്കര്‍ഷത്തിനായി പുരോഗമനാത്മകമായ കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചെയ്തുപോരുന്ന ഒരു പാര്‍ട്ടിയാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്.എളുപ്പത്തില്‍ മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും ഒന്നുകൂടി പറയാനുള്ള സൗകര്യത്തിന് സിപിഎം എന്നും പറയും.കേരളമെന്ന ദൈവരാജ്യത്തെ ഭരിച്ചു രസിക്കുന്ന ഈ പാര്‍ട്ടി തികച്ചും ജനകീയമാണെന്നതിന് മികച്ച ഉദാഹരണമാണ് തെക്കന്‍ ജില്ലയില്‍ നിന്നുള്ള രണ്ടു സംഭവങ്ങള്‍.
ഒന്ന് ആത്മഹത്യയാണെങ്കില്‍ മറ്റത് കയ്യേറ്റമാണ്;വെറും കയ്യേറ്റമല്ല.ഗുണ്ടായിസം.ഭരിക്കുന്നവര്‍ എന്തു പറയുന്നോ അതിനനുസരിച്ചു വേണം ജീവിക്കാന്‍ എന്ന സുഗ്രീവാജ്ഞയ്ക്കു മുമ്പില്‍ വിറച്ചുവീണ് ഈ ലോകത്തില്‍ നിന്നു തന്നെ വിസ്മൃതനായ മധ്യവയസ്‌കനാണ് എം.എസ്.ബാബു എന്ന സാധാരണക്കാരന്‍.ഈ പാര്‍ട്ടിയുടെ അനുഭാവി കൂടിയായ അയാളുടെ സ്ഥലം കയ്യേറി വെയിറ്റിങ് ഷെഡ് വിപുലപ്പെടുത്താനുള്ള ശ്രമമാണ് ദുരന്തത്തിനിടയാക്കിയത്.
‘ഞങ്ങള്‍ പറയും നിങ്ങള്‍ കേള്‍ക്കും’എന്ന ആജ്ഞയ്ക്കു മുമ്പില്‍ ഗതിയൊന്നുമില്ലാതെ ആ പാവം ആത്മഹത്യ ചെയ്യുകയായിരുന്നു.ജനാധിപത്യ മര്യാദ,മാനവികത, സഹജീവിസ്‌നേഹം, കരുണ… തുടങ്ങി മനുഷ്യന്മാര്‍ക്കു വേണ്ടതൊന്നും നിഘണ്ടുവിലില്ലാത്ത ഒരു രാഷ്ട്രീയ കക്ഷിയായി അധപ്പതിച്ചു പോയ ഒരു ഗുണ്ടാ സംഘത്തില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കുക.സിപിഎം ജില്ലാ കമ്മറ്റി അംഗവും റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനന്‍,ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ.തോമസ്, പഞ്ചായത്തംഗം എം.എസ്.ശ്യാം എന്നിവരുടെ മാനസികപീഡനവും ഭീഷണിയുമാണ് ബാബുവിന്റെ ആത്മഹത്യയില്‍ കലാശിച്ചത്.
ബാബുവിന്റെ സ്ഥലത്തിനോട് ചേര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വിശ്രമ കേന്ദ്രത്തിന് ബലമായി സ്ഥലം അളന്നെടുത്തതിനെ തുടര്‍ന്നാണ് സ്ഥലമുടമ തൂങ്ങി മരിച്ചത്.ഇപ്പോഴത്തെ വെയിറ്റിങ് ഷെഡിനുള്ള സ്ഥലവും ബാബുവിന്റെ കുടുംബം തന്നെയാണ് നല്‍കിയിരുന്നത് എന്നതാണ് ഇതില്‍ എടുത്തു പറയേണ്ടത്. ഏതായാലും ബന്ധപ്പെട്ട നേതാക്കളുടെ പീഡനത്തെക്കുറിച്ച് എഴുതിവെച്ചാണ് ബാബു ഈ ലോകം വെടിഞ്ഞത്.നാടു മുഴുവന്‍ പാര്‍ട്ടിയുടേതാണ്, തല്‍ക്കാലം നോക്കി നടത്താന്‍ ഓരോരുത്തരെ ഏല്‍പിച്ചതാണെന്ന ധാര്‍ഷ്ട്യത്തിന്റെ ഇരയാവുകയായിരുന്നു ബാബു.വേണമെങ്കില്‍ പാര്‍ട്ടി സമൂഹത്തോട് ഇതാ ഇങ്ങനെയാവും ചോദിക്കുക:’ഞങ്ങടെ പാര്‍ട്ടിക്കാരന്‍ തൂങ്ങി മരിച്ചാല്‍ നിങ്ങള്‍ക്കെന്താ?’
രണ്ടാമത്തെ സംഭവവും പത്തനംതിട്ടയില്‍ തന്നെ.കാര്‍ തടഞ്ഞു നിര്‍ത്തി കുടുംബത്തെ മര്‍ദ്ദിച്ചത് അന്വേഷിക്കാനെത്തിയ പൊലീസിനെ പഞ്ഞിക്കിടുകയായിരുന്നു ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളികളും.കലഞ്ഞൂര്‍ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവ് സുഹൃത്തുക്കളായ രണ്ടു പേരുമൊത്താണ് ഗുണ്ടായിസത്തിനിറങ്ങിയത്.രാജീവ് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ തികച്ചും’ജനകീയ’ നാണ്.കുടുംബം യാത്ര ചെയ്യുകയായിരുന്ന കാറിന്റെ മുമ്പില്‍ പോയ കാറിലായിരുന്നു ബ്രാഞ്ച് സെക്രട്ടറി ഉണ്ടായിരുന്നത്.പൊടുന്നനെ ഈ കാര്‍ പിറകോട്ടെടുത്തപ്പോള്‍ തൊട്ടുപിന്നിലെ കാര്‍ ഹോണ്‍ മുഴക്കിയതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. കുടുംബത്തെ മര്‍ദ്ദിക്കുന്നത് കണ്ട് ആരോ പൊലീസിലറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി തടഞ്ഞു.അതില്‍ പ്രകോപിതനായ നേതാവും കൂട്ടരും പൊലീസിനും കണക്കിനു കൊടുത്തു.മാത്രമല്ല,യൂണിഫോം വലിച്ചു കീറുകയും ചെയ്തു.
ഏതായാലും ദൈവരാജ്യത്ത് പിശാചിന്റെ വിളയാട്ടം നേരിട്ടു കാണാനുള്ള അവസരമാണുണ്ടായത് എന്ന് മനസ്സിലാക്കാം.രണ്ടാമത്തെ സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടിയെന്ന ഒരാശ്വാസം(അതൊരു വെറും വിശ്വാസം മാത്രമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡിനെ ഡിവൈഎഫ്‌ഐ ക്കാര്‍ ചവിട്ടിക്കൂട്ടിയതിനെ തുടര്‍ന്നുള്ള സംഭവഗതികള്‍ തെളിയിക്കുന്നു)മാത്രമാണുള്ളത്.അത് എത്രകാലത്തേയ്‌ക്കെന്ന് ആര്‍ക്കറിയാം.
ഇനി തുടക്കത്തിലേക്കു വരാം. ഒരു പാര്‍ട്ടി ജനകീയമാണെന്ന് ഇത്തരം സംഭവങ്ങളിലൂടെ ബോധ്യപ്പെടുന്നില്ലേ ? സമൂഹത്തിലെ ഓരോ സംഭവഗതിയിലും പാര്‍ട്ടിയുടെ കൈയ്യൊപ്പുണ്ടാവുമ്പോഴല്ലേ ആ പാര്‍ട്ടി ജനകീയമാവുന്നത്.സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പാര്‍ട്ടി മനുഷ്യരുടെ മാനസിക-ശാരീരിക- സാമ്പത്തിക മേഖലകളില്‍ നിര്‍ണായക സ്വാധീനം നേടുമ്പോള്‍ ഇങ്ങനെയൊക്കെ വേണ്ടതല്ലേ? താത്വികമായ വിശകലനം മനസ്സിലാകാത്തവര്‍ക്കു മാത്രമേ ഇതൊക്കെ പ്രശ്‌നമായി തോന്നുകയുള്ളൂ.വൈരുധ്യാത്മക ഭൗതികവാദം വെറുമൊരു വാദമല്ലെന്ന് മാലോകര്‍ ശരിക്കും മനസ്സിലാക്കണം.അരി വെന്തോ എന്നു നോക്കാന്‍ മുഴുവന്‍ വറ്റും എന്തിന് ഞെരടി നോക്കണം; രണ്ട് വറ്റ് പോരേ?ഇതും അങ്ങനെ തന്നെ. എന്തിന് അധികം സംഭവഗതികള്‍!
രാഷ്ട്രീയ, സാമൂഹിക നിരീക്ഷകനായ കെ. മോഹൻ ദാസ്,
ജന്മഭൂമിയുടെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു.