സതീഷ് കുമാർ
വിശാപട്ടണം
നിലമ്പൂർ കോവിലകത്തെ വലിയ തമ്പുരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയ ആനയാണ് ഗുരുവായൂർ കേശവൻ ..
തലയെടുപ്പും ,ഗാംഭീര്യവും , ശാന്തസ്വഭാവവും , ആനച്ചന്തവുമെല്ലാം ഒത്തിണങ്ങിയ ഗുരുവായൂർ കേശവ
50 വർഷത്തോളം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയതിനാൽ “ഗജരാജൻ “
പട്ടം നൽകി ആദരിക്കപ്പെട്ട ഒരേയൊരു നാട്ടാനയാണ് …
മദപ്പാടിൽപ്പോലും ആരെയും ഉപദ്രവിച്ചിട്ടില്ല എന്നുള്ളതാണ് ഈ ആനയുടെ മറ്റൊരു സവിശേഷത …
ഏത് ഉത്സവത്തിന് പോയാലും തിടമ്പേറ്റണം എന്ന കാര്യത്തിൽ ഗുരുവായൂർ കേശവന് പ്രത്യേക നിഷ്കർഷയുമുണ്ടായിരുന്നു .മുൻകാലിലൂടെ ഗുരുവായൂരപ്പന്റെ തിടമ്പു മാത്രമേ ഈ ഗജകേസരി കയറ്റിയിരുന്നുള്ളൂവത്രെ…!
1976 ഡിസംബർ 2 -ന് പുണ്യദിനമായ ഗുരുവായൂർ ഏകാദശി ദിവസം കേശവൻ ചെരിഞ്ഞത് ഭക്തജനങ്ങൾക്ക് ഒരു അത്ഭുത വാർത്തയായിരുന്നു…
മഹാത്മാരുടേയും വീരപുരുഷന്മാരുടേയും ജീവചരിത്രങ്ങൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമയാക്കപ്പെട്ടിട്ടുണ്ട് . എന്നാൽ ചരിത്രത്തിൽ ഇടം പിടിച്ച ഒരു ആനയുടെ ജീവിതം സിനിമയാക്കപ്പെടുന്നത് മഞ്ഞിലാസിന്റെ “ഗുരുവായൂർ കേശവൻ ” എന്ന ചലച്ചിത്രത്തിലൂടെയാണ് …
ആനപ്പക ,അമൃതമഥനം തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ ഗുരുവായൂരമ്പലവുമായി ആത്മബന്ധമുണ്ടായിരുന്ന പുതൂർ ഉണ്ണികൃഷ്ണന്റേതായിരുന്നു ഗുരുവായൂർ കേശവന്റെ കഥ … തിരക്കഥാരചന നടത്തിയത് എൻ ഗോവിന്ദൻകുട്ടിയും .
ഗുരുവായൂർ കേശവന്റെ കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ഏറ്റവും പ്രയാസപ്പെട്ടത് കേശവനായി അഭിനയിക്കാൻ ലക്ഷണമൊത്ത അതേ സമയം ശാന്തസ്വഭാവമുള്ള ഒരാനയെ കണ്ടെത്തലായിരുന്നു. അവസാനം അങ്ങനെയൊരാനയെ കണ്ടെത്തി. “നായരമ്പലം ശിവജി ” എന്ന ഗജവീരനാണ് ആ അപൂർവ്വ
ഭാഗ്യം കൈവന്നത്.
അതിനും ഒരു കാരണമുണ്ടായിരുന്നു. തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ക്ഷേത്രത്തിലെ തൈപൂയാഘോഷത്തിന് എഴുന്നെള്ളിച്ച് നിർത്തിയിരിക്കവെ ഈ ആനയുടെ കാലിൽ വെച്ചിരുന്ന തോട്ടി അബദ്ധവശാൽ തുമ്പിക്കൈയിലേക്ക് കയറിപോയി .
തോട്ടിയുടെ മുന തുമ്പികൈയ്യിൽ കൊളുത്തി പിടിച്ചതോടെ വേദനയാൽ പിടഞ്ഞ ആനയുടെ ചിന്നംവിളിയാൽ ഉത്സവപറമ്പാകെ പരിഭ്രാന്തി പടർന്നു.
മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്ന് വന്ന ഡോക്ടർമാരാണ് തുമ്പിക്കൈ ഓപ്പറേഷൻ ചെയ്ത് തോട്ടി പുറത്തെടുത്തത്. രണ്ടു ദിവസത്തോളം സൗമ്യനായി പ്രശ്നമൊന്നുമുണ്ടാക്കാതെ വേദന സഹിച്ച് ആന ഓപ്പറേഷന് സഹകരിച്ചു .
ആനയുടെ ഈ ശാന്ത സ്വഭാവം ഗുരുവായൂർ കേശവനായി അഭിനയിക്കാൻ നായരമ്പലം ശിവജിക്ക് അനുകൂല ഘടകവും അനുഗ്രഹവുമായി.
എന്തായാലും അക്കാലത്തെ പ്രശസ്ത നടീനടന്മാരായ ജയഭാരതി, സോമൻ , ശങ്കരാടി , ഒടുവിൽ ഉണ്ണികൃഷ്ണൻ , അടൂർ ഭാസി ,ഉഷാകുമാരി, പറവൂർ ഭരതൻ, ബഹദൂർ, ഗോവിന്ദൻ കുട്ടി തുടങ്ങിയ ഒരു വലിയ
താരനിരയോടൊപ്പം നായരമ്പലം ശിവജിയും ചിത്രത്തിൽ തകർത്തഭിനയിച്ചു.
പടം സൂപ്പർ ഹിറ്റാവുകയും ചെയ്തു. സത്യന്റേയും വയലാറിന്റേയും മരണശേഷം പ്രതിസന്ധിയിലായിരുന്ന മഞ്ഞിലാസിന് ഈ ചിത്രം ഒരു പുതിയ ഉണർവ്വ് നൽകി.
പി.ഭാസ്കരനാണ് പാട്ടുകളെഴുതിയത്. ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന “ഗുരുവായൂർ കേശവൻ ” സംവിധാനം ചെയ്തത് ഭരതൻ …അതി മനോഹര ഗാനങ്ങളാൽ സമ്പന്നമായിരുന്നു ഗുരുവായൂർ കേശവൻ എന്ന സിനിമ .
“നവകാഭിഷേകം കഴിഞ്ഞു … ( യേശുദാസ്)
https://www.youtube.com/watch?v=NxC90rvn43A
“സുന്ദരസ്വപ്നമേ നീയെനിക്കേകിയ … (യേശുദാസ് ,പി.ലീല) “ഉഷാകിരണങ്ങൾ പുൽകി പുൽകി …( യേശുദാസ് )
“ഇന്നെനിക്ക് പൊട്ടുകുത്താൻ …
( മാധുരി )
https://www.youtube.com/watch?v=dbmXV1W3KIg
” ധിം തലക്ക കൊടുമല ഗണപതി …. ( ജയചന്ദ്രൻ ,സി ഒ ആന്റോ ,
ജോളി എബ്രഹാം, ഉഷാ രവി )
“മാരിമുകിലിൻ കേളി … ( മാധുരി )
എന്നിവയായിരുന്നു ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന കേശവനിലെ ഗാനങ്ങൾ.
1977 നവംബർ 17-ന് പ്രദർശനത്തിനെത്തിയ ഗുരുവായൂർ കേശവൻ എന്ന ചിത്രം പുറത്തുവന്നിട്ട് ഇന്ന് 46വർഷങ്ങൾ പൂർത്തിയാവുന്നു.
ഒരാനയുടെ ജീവചരിത്രം സിനിമയാക്കപെട്ട ആദ്യ ചിത്രം എന്ന ബഹുമതി ഇന്നും ഗുരുവായൂർ കേശവന് മാത്രം സ്വന്തം …
——————————————————
( സതീഷ് കുമാർ 9030758774)