കോഴിക്കോട് : ഡൽഹിയിൽ പോയി നരേന്ദ്ര മോദി സർക്കാരിനു മുന്നിൽ സമരം ചെയ്യാൻ മുട്ടുവിറയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ്.കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ നായനാർ സർക്കാർ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡോ. ആസാദിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:
ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ കുടിച്ചും മുടിച്ചും തിമർക്കുന്ന ഭരണാധികാരിയും സേവകരും മുമ്പൊന്നും ഇത്ര കൊണ്ടാടപ്പെട്ടിട്ടില്ല. വായ്പയെടുത്ത് തലമുറകളെ കടക്കാരാക്കിയ ഇതുപോലെ ഒരു ഭരണം മുമ്പുണ്ടായിട്ടുമില്ല.
കേരളം പിറന്നശേഷം 2016വരെ ആകെ ഉണ്ടായ കടം ഒന്നരലക്ഷം കോടി രൂപയാണ്. പി വി മുഖ്യമന്ത്രിയായ ശേഷം ആ കടത്തിലുണ്ടായ വർദ്ധന ഭീമമാണ്. ഒരു സർക്കാറും ധൈര്യപ്പെട്ടിട്ടില്ലാത്ത വർദ്ധന. തലമുറകളെ കടത്തിലാഴ്ത്തി പണയം വെച്ചുള്ള ധൂർത്ത്.നാലര ലക്ഷം കോടിയോളം വരും ഇപ്പോഴത്തെ കടം.
കടമെടുപ്പിന്റെ എല്ലാ പരിധിയും പിന്നിടുകയാണ്. ഇനി വരുന്ന സർക്കാറുകൾക്ക് ഒരു തരത്തിലുള്ള വായ്പകളും കിട്ടാനിടയില്ല എന്നു മാത്രമല്ല കടംവീട്ടാൻ ഇരിക്കക്കൂര വിൽക്കേണ്ടിയും വരും.വരും തലമുറക്ക് അവകാശപ്പെട്ട സകലതും വാരിക്കൂട്ടി ധൂർത്തടിക്കുകയാണ് പി വിസർക്കാർ.നിയന്ത്രണമില്ലാത്ത കടമെടുപ്പ് വലിയ ബാദ്ധ്യതയാകുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം ഈയിടെ പുറത്തു വന്നിരുന്നു.
കേന്ദ്രത്തിൽനിന്നു കിട്ടാനുള്ളത് കിട്ടുന്നില്ല എന്ന വാദം ശരിയാണ്. അത് കിട്ടുന്നതുവരെ കേരളത്തിലെ പട്ടിണിക്കാരാണോ അത് സഹിക്കേണ്ടത്? ഉള്ള പണം അടിയന്തിരപ്രാധാന്യത്തോടെ ചെലവഴിക്കേണ്ടത് അവർക്കു വേണ്ടിയല്ലേ? നീട്ടിവെക്കേണ്ടത് മുകൾത്തട്ടിലെ ആഘോഷവും ധൂർത്തുമല്ലേ? ചെലവു ചുരുക്കേണ്ടത് അതി ദരിദ്രരും തൊഴിലെടുത്ത് നിത്യനിദാനത്തിനു പിടയുന്നവരുമാണോ? ഇതാണോ എൽ ഡി എഫ് മുൻകാലങ്ങളിൽ സ്വീകരിച്ചുപോന്ന സമീപനം?
ഭരണകക്ഷി നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും പട്ടിണി കിടക്കേണ്ടി വരില്ല. തൊഴിലില്ലായ്മ നേരിടേണ്ടിവരില്ല. കടം കിട്ടാത്ത ബുദ്ധിമുട്ടില്ല. മാസപ്പടിയോ തിരിച്ചടക്കേണ്ടാത്ത പണമോ പലിശയില്ലാത്ത വായ്പയോ വീട്ടിലെത്തും. സാധാരണ ജനങ്ങളുടെ സ്ഥിതി അതല്ല. ഈ വൈരുദ്ധ്യമാണ് പുതുതായി വികസിച്ച കേരള മോഡൽ.
കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ള അവകാശങ്ങൾ നേടിയെടുക്കാൻ ദില്ലിയിൽപോയി സമരം ചെയ്തിട്ടുണ്ട് പണ്ട് നായനാർ മന്ത്രിസഭ. അന്ന് എ ബി വാജ്പേയ് ആയിരുന്നു പ്രധാനമന്ത്രി. ഇപ്പോൾ മോദി സർക്കാറാണ്. ചോദിക്കാനും സമരം ചെയ്യാനും മുട്ടു വിറയ്ക്കുന്നു പിവിക്ക്. പി വിയുടെ പാർട്ടിയും ദില്ലിയിൽ ഒരു ജനകീയ ധർണപോലും സംഘടിപ്പിക്കുന്നില്ല. പലസ്തീൻ ഐക്യദാർഢ്യംപോലെ എല്ലാവരെയും പങ്കെടുപ്പിച്ച് ഒരു ദില്ലിമാർച്ച് നടത്തിക്കൂടെ? അതെന്താണ് തോന്നാത്തത്?
അപ്പോൾ പ്രശ്നം മറ്റൊന്നാണ്.അത് പഴിപറച്ചിലിൽ തീർക്കണം.പണം തോന്നുംപടി ചെലവഴിക്കാൻ ആ പഴിപറച്ചിൽ ന്യായീകരണമാവും. ഉള്ളപണം ഇങ്ങനെയാണോ ചെലവഴിക്കേണ്ടത്, ഇതാണോ നിങ്ങളുടെ മുൻഗണനാക്രമം എന്ന കാതലായ ചോദ്യത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കും.
ആഘോഷങ്ങൾ കേരളത്തിലെ പി വിസർക്കാറും പണമുതലാളിമാരും ചേർന്നുള്ള സഹവർത്തിത്തത്തിന്റെ ആഘോഷമാണ്. അവരുടെ കൊടുക്കൽ വാങ്ങലുകളുടെ ഉടമ്പടിയുണ്ടാക്കലാണ്. അതിന്റെ വിഹിതം കൈമാറലാണ്. അതിന്റെ പൊതുസദ്യയിൽ ഇല കിട്ടുന്നവർ സ്തുതി പാടും. അദാനിമാർക്കും കാരണഭൂതനും സ്തുതിപാടുന്ന ആസ്ഥാന ഗായക സംഘം എപ്പോഴും ഉണർന്നിരിക്കുമല്ലോ.
ശംബളമോ പെൻഷനോ ക്ഷേമപെൻഷനോ കലാലയങ്ങളിലെ ഉച്ച ഭക്ഷണമോ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംവരണ ആനുകൂല്യമോ നിലച്ചുപോയാൽ അവരെന്തിന് അറിയണം! പീഡിതരുടെ വിഷമം കാണുന്ന മാദ്ധ്യമങ്ങളെ പഴിക്കാൻ ലജ്ജയില്ലാത്ത പാർട്ടി വക്താക്കളുണ്ട്. പോ പോ കേന്ദ്രത്തിൽ പോ എന്ന് ആട്ടുകയാണവർ.
കേരളീയം എന്ന ആഘോഷം അടിത്തട്ടു സമൂഹത്തെ പിഴിഞ്ഞ ചോരയിലും നീരിലുമുള്ള അഴിഞ്ഞാട്ടമാണെന്ന് കാണാതെ വയ്യ. ലജ്ജിച്ച് തല താഴ്ത്താതെ വയ്യ.