കലയുടെ നാടേ മലനാടേ …

സതീഷ് കുമാർ
വിശാഖപട്ടണം

ലോകത്തെ ഒട്ടുമിക്ക സംസ്ക്കാരങ്ങളുടേയും ഉത്ഭവസ്ഥാനം നദീതടങ്ങളായിരുന്നുവെന്നാണ് പറയപ്പെടുന്നത്.” സിന്ധു “നാഗരികതയിൽ നിന്നാണല്ലോ ലോകത്തെ വിസ്മയിപ്പിച്ച ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരം രൂപംകൊണ്ടത്…

കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല.നിളാനദിയുടെ തീരങ്ങളിൽ നിന്നായിരുന്നു പറയിപെറ്റ പന്തിരുകുലത്തിന്റെ ഉത്ഭവം. നദീതടസംസ്ക്കാരങ്ങൾ കലകളുടെ കളിത്തൊട്ടിലുകളായി പരിണമിച്ചുവെന്നാണ് പണ്ഡിതമതം …

ഈ സാരസ്വത രഹസ്യം മനസ്സിലാക്കിയ മഹാകവിയായിരുന്നു ശ്രീ വള്ളത്തോൾ നാരായണമേനോൻ .അതുകൊണ്ട് തന്നെയാണ് കേരളീയ കലകൾ പടർന്നു പന്തലിച്ച് ലോകത്തിന് പ്രകാശം ചൊരിയാൻ നദിക്കരയിൽ തന്നെ ഒരു ആസ്ഥാനം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്..

Lottery Ticket | Malayalam Full Movie 1080p | Prem Nazir | Sheela | Adoor  Bhasi | K. P. Ummer - YouTube

അത്തരം മഹനീയമായ ഒരു കാഴ്ചപ്പാടിന്റെ പരിണിതഫലമായി 1930-ൽ ഭാരതപ്പുഴയുടെ തീരത്ത് രൂപം കൊണ്ടതാണ് കേരള കലാമണ്ഡലം …ഇന്ന് കേരളത്തിന്റെ തനതു കലകളുടെ പഠനവും ഗവേഷണങ്ങളുമായി ലോകത്തിന്റെ നെറുകയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ് കല്പിത സർവ്വകലാശാലയായ കേരള കലാമണ്ഡലമെന്ന മഹാപ്രസ്ഥാനം.

കേരള കലാമണ്ഡലത്തിന്റെ ചിറകിലൂടെ പറന്നുയർന്നുവന്ന കൂടിയാട്ടവും , കഥകളിയുമെല്ലാം ഇന്ന് ഐക്യരാഷ്ട്രസഭയുടെ കലാവിഭാഗമായ യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചു എന്നറിയുമ്പോൾ അത് ഏതൊരു മലയാളിക്കും അഭിമാനകരമായ നേട്ടം തന്നെയാണെന്ന് നിസ്സംശയം പറയാം.

1930-നവംബർ 9-ന് പ്രവർത്തനമാരംഭിച്ച കേരള കലാമണ്ഡലത്തിന്റെ പിറന്നാളാഘോഷദിനത്തിൽ കലാമണ്ഡലത്തിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം നൽകിയ ഒരു മലയാള ചലച്ചിത്രഗാനം ഓർമ്മയിലേക്ക് ഓടിയെത്തുന്നു …

കേരളീയ കലകളെ നെഞ്ചിലേറ്റുക മാത്രമല്ല ഒരു ആഘോഷം പോലെ തന്റെ ഗാനങ്ങളിലൂടെ അവതരിപ്പിച്ച് കലാകേരളത്തെ വിസ്മയിപ്പിച്ച കവിയാണ് ശ്രീകുമാരൻ തമ്പി . മോഹിനിയാട്ടം, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, രാമനാട്ടം, കഥകളി, തിരുവാതിര, ഓട്ടൻ തുള്ളൽ എന്നിവയൊക്കെയാണല്ലോ കേരളത്തിന്റെ തനതു കലാരൂപങ്ങൾ . .

കേരളത്തിന്റെ അഭിമാനകരമായ ഈ കലാരൂപങ്ങളുടെ പ്രസക്തിയും മനോഹാരിതയും പ്രകടമാവുന്ന ഈ ഗാനം 1970 – ൽ പുറത്തിറങ്ങിയ “ലോട്ടറിടിക്കറ്റ് ” എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയതാണ് .

ദക്ഷിണാമൂർത്തി സ്വാമി ഈണം പകർന്ന് യേശുദാസും , പി.ലീലയും പാടിയ പാട്ടിൽ കേരളീയകലകളെ എത്ര ചേതോഹരമായാണ് ശ്രീകുമാരൻ തമ്പി വിളക്കി ചേർത്തിരിക്കുന്നതെന്ന് നോക്കുക .

പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു | Moon Touch in Sreekumaran Thampi songs |  Madhyamam
“കാവ്യനർത്തകി ചിലമ്പൊലി
ചാർത്തിയ കലയുടെ നാടേ
മലനാടേ ….
കല്പനതൻ കളി വഞ്ചി പാട്ടുകൾ കല്ലോലിനികളായി ഒഴുകും നാടേ ..

മോഹമുണർത്തും മോഹിനിയാട്ടം മോടിയിലാടും ദേവദാസികൾ അമ്പലനടയിൽ തംബുരു മീട്ടി അവിടെ വളർന്നു കൂടിയാട്ടവും കൂത്തും
കൈരളി ഉണർന്നു കൈരളി ഉണർന്നു കൈരളി ഉണർന്നു …. ( കാവ്യനർത്തകി)

കൃഷ്ണനാട്ടവും രാമനാട്ടവും കഥകളിയായി വളർന്നു പടർന്നു കേരളവർമ്മയും തമ്പിയും
പാടിയ കേരള ഗാഥകൾ
കടലു കടന്നു പറന്നു .
ലോകം കവർന്നു ലോകം കവർന്നു ലോകം കവർന്നു .. കവർന്നു … (കാവ്യനർത്തകി )

തിരുവാതിരയുടെ തിരമാലകളിൽ മലയാളത്തിൽ മണിചിരി പൊങ്ങി പരിഹാസത്തിൽ മധുരത്തിൽ
കഥ പാടിത്തുള്ളി കുഞ്ചൻനമ്പ്യാർ
പ്രിയതരമായി കിളിമൊഴിയിൽ
പ്രിയതരമായി കിളിമൊഴിയിൽ ..
( കാവ്യനർത്തകി ….)

അര നൂറ്റാണ്ടിനു മുൻപ് മലയാളത്തിൽ എഴുതപ്പെടുകയും എല്ലാ കേരളീയ കലകളും അവതരിപ്പിക്കപ്പെടുന്നതുമായ
ഈ ഗാനം യൂട്യൂബിൽ ലഭ്യമാണ്.

കേരള കലാമണ്ഡലത്തിന്റെ പിറന്നാളാഘോഷവേളയിൽ കേരളീയ കലകളുടെ ദൃശ്യചാരുത പീലി വിടർത്തിയാടുന്ന ഈ സുന്ദര ഗാനം കേൾക്കുക മാത്രമല്ല കാണുകയും വേണമെന്നാണ് പ്രിയവായനക്കാരോടുള്ള എളിയ അഭ്യർത്ഥന …

———————————————-

( സതീഷ് കുമാർ 9030758774 )