തിരുവനന്തപുരം: പ്ളസ് ടു വരെയുള്ള സാമൂഹിക പാഠം പുസ്‌തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങൾക്ക് പ്രാധാന്യം നൽകാനുമുള്ള നീക്കത്തെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ആർ എസ് എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യയെന്നും, കേരളം ‘ഇന്ത്യ’ എന്നുതന്നെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഹിന്ദുത്വത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സവർക്കരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാൻ ചരിത്രകാരനും മലയാളിയുമായ സി.ഐ. ഐസക്കിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ഏഴംഗ സമിതിയാണ് ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്ന് മാറ്റാൻ ശുപാർശ ചെയ്തത്.
ഇന്ത്യ ‘ഭാരത്” എന്നും പുരാതന ചരിത്രം ‘ക്ലാസിക്കൽ ഹിസ്റ്ററി” എന്നും മാറ്റുമെന്ന് ഐസക് അറിയിച്ചു. എല്ലാ വിഷയങ്ങളിലും ഇന്ത്യൻ നോളജ് സിസ്റ്റം (ഐ.കെ.എസ്-ഇന്ത്യൻ അറിവുകൾ) ഉൾപ്പെടുത്തണം.’ഭാരത്” എന്നത് കമ്മിറ്റിയുടെ ഏകകണ്ഠ ശുപാർശയാണ്. ഭാരതം വളരെ പഴക്കമുള്ള പേരാണ്. 7,000 വർഷം പഴക്കമുള്ള വിഷ്ണുപുരാണം പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ ഭാരതം എന്ന് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരണത്തിനും ശേഷമാണ് ഇന്ത്യ എന്ന പേര് ഉപയോഗത്തിലായത്. ഭരണഘടനയിലും ഇന്ത്യ അഥവാ ഭാരത് എന്നാണ് പറയുന്നതെന്നും ഐസക് ചൂണ്ടിക്കാട്ടി.