ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായ
ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലില്‍ ഇങ്ങി. ഒമ്പത് മിനിറ്റ് 51 സെക്കന്റ് കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
രാവിലെ പത്തിനാണ് ശ്രീഹരിക്കോട്ടയില്‍ ടെസ്റ്റ് വെഹിക്കിള്‍ കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് ശേഷം 60-ാം സെക്കന്റില്‍ ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍നിന്ന് വേര്‍പെട്ടു. പിന്നീട് ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ആദ്യ പാരച്യൂട്ടുകള്‍ വിടര്‍ന്നു.
കടലില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് പ്രധാന പാരച്യൂട്ടുകള്‍ തുറന്നു. ഇതിന് പിന്നാലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ കടലില്‍ പേടകം സുരക്ഷിതമായി ഇറങ്ങി. ഇനി നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയിലെത്തിക്കും.
2024 അവസാനം മൂന്നു പേരെ ബഹിരാകാശത്ത് അയയ്ക്കുകയാണു ഗഗന്യാന് ദൗത്യത്തിന്റെ ലക്ഷ്യം. ദൗത്യം റദ്ദാക്കേണ്ടിവന്നാല്‍, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണദൗത്യമാണ് ഇന്നു നടന്നത്.
പ്രത്യേക വിക്ഷേപണവാഹനത്തില്‍ 17 കിലോമീറ്റര്‍ ഉയരെ എത്തിച്ച ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലിൽ ഇറക്കുന്നതായിരുന്നു ദൗത്യം.