എൻഡിഎ സഖ്യം;പിണറായി സമ്മതം അറിയിച്ചെന്ന് ദേവഗൗഡ

In Editors Pick, Special Story
October 21, 2023

ബംഗളൂരു: കർണാടകത്തിൽ ജെ. ഡി. എസ്, ബി ജെ പി നേതൃത്വം നൽകുന്ന എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ. അതുകൊണ്ടാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ തങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എ സഖ്യത്തെ എതിർത്ത പാർട്ടി കർണാടക അദ്ധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ വിവാദ പരാമർശം.

‘ജെ ഡി എസ് ബി ജെ പിയോടൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ട്. ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ട്. സംസ്ഥാന ഘടകം എൻഡിഎയിൽ ചേരുന്നതിന് സമ്മതം നൽകി’ – ദേവഗൗഡ പറഞ്ഞു.

ജെഡിഎസ് കേരള ഘടകം എൻഡിഎ ബന്ധത്തെ എതിർത്ത് എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നിർവാഹക സമിതിയോഗം ചേർന്ന് എൻഡിഎ സഖ്യത്തിൽ ചേരാനുള്ള തീരുമാനത്തിനെതിരെ പ്രമേയവും പാസാക്കിയിരുന്നു.

ദേവഗൗഡയുടെ വെളിപ്പെടുത്തലോടുകൂടി സി പി എം കടുത്ത പ്രതിരോധത്തിലായി. മുഖ്യമന്ത്രിക്കെതിരെ യു ഡി എഫ് രംഗത്തെത്തുകയും ചെയ്തു. ദേവഗൗഡയുടെ വെളിപ്പെടുത്തലോട് കുടി ബി.ജെ.പി- പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നു എന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു. സി പി എം- ബി ജെ പി അവിഹിത ബന്ധം തെളിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂർ എം പിയും ആവശ്യപ്പെട്ടു.

അതിനിടെ ദേവഗൗഡയുടെ വെളിപ്പെടുത്തലിനെത്തള്ളി സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ രംഗത്തെത്തി. ദേവഗൗഡയെ പോലൊരാള്‍ തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് മറ്റൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിട്ടാണെന്ന് പറയുന്നത് രാഷ്ട്രീയത്തിലെ അല്‍പ്പത്തവും അസംബന്ധവുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.