April 22, 2025 4:08 pm

സഹോദരിമാരെ പീഡിപ്പിച്ചു: യുവാവിന് 204 വര്‍ഷം കഠിന തടവും പിഴയും

 

അടൂര്‍ : സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ യുവാവിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 204 വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ചു.

പത്തനാപുരം പുന്നല വില്ലേജില്‍ കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32) യാണ് ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 104 വര്‍ഷം കഠിനതടവും 4,20,000 രൂപാ പിഴയും എട്ടു വയസുകാരിയുടെ സഹോദരി മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 100 വര്‍ഷത്തെ കഠിന തടവും നാല് ലക്ഷം രൂപയും ശിക്ഷിച്ചു.

സ്പെഷ്യല്‍ കോടതി ജഡ്ജി സമീറാണ് രണ്ട് കേസുകളിലായി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴതുക അതിജീവിതയ്ക്ക് നല്‍കണം എന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ ഒന്നാം പ്രതിയാണ് വിനോദ്. രണ്ടാം പ്രതി അടുത്ത ബന്ധുവായ രാജമ്മയെ താക്കീതു നല്‍കി കോടതി വിട്ടയച്ചു.

അതിജീവതയുടെ സഹോദരിയായ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 11നാണ് കോടതി 100 വര്‍ഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചത്. 2020- 2021 കാലയളവില്‍ പല ദിവസങ്ങളിലും അശ്ലീല വീഡിയോ കാണിച്ച്‌ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

ഇയാള്‍ ഏനാദിമംഗലത്ത് താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് മൂന്നര വയസുകാരിയെ പീഡിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ ആക്‌ട് വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി. കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News