ആലപ്പുഴ∙ തടവുകാരെ ജയിൽ ഓഫിസുകളിൽ ഒരേ സെക്‌ഷനിൽ തുടർച്ചയായി ജോലി ചെയ്യിക്കരുതെന്നു നിർദേശം. തടവുകാർ തുടർച്ചയായി ഒരേ സെക്‌ഷനിൽ ജോലി ചെയ്യുന്നത് ഉദ്യോഗസ്ഥരിൽ സ്വാധീനമുണ്ടാക്കുമെന്നും ഇത് ദുരുപയോഗപ്പെടുത്തുന്നുമെന്നുള്ള വിലയിരുത്തലിനെത്തുടർന്നാണിത്.
കണ്ണൂർ സെൻട്രൽ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിൽപോലും ഇടപെടുന്നെന്ന വിവരം പുറത്തുവന്നിരുന്നു.
ഇത്തരത്തിൽ മറ്റു ജയിലുകളിലും രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികൾ ഉൾപ്പെടെ പല തടവുകാരും ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തി ആനുകൂല്യങ്ങൾ നേടിയെടുക്കുകയും മറ്റ് തടവുകാരുടെ ആനുകൂല്യങ്ങൾ തടയുകയും ചെയ്യുന്നതായി ജയിൽ വകുപ്പ് കണ്ടെത്തിയിരുന്നു.
തുടർന്നാണു തടവുകാരെ നിശ്ചിത കാലാവധിക്കു ശേഷം സെക്‌ഷനുകൾ മാറ്റി നിയോഗിക്കുകയോ പുതിയ തടവുകാരെ ജോലിക്കു നിയോഗിക്കുകയോ വേണമെന്നു ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ് കുമാർ സർക്കുലർ ഇറക്കിയത്. ജയിൽ സൂപ്രണ്ടുമാരാണ് ഇതുപ്രകാരം നടപടി സ്വീകരിക്കേണ്ടത്.