ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരുന്ന ആദ്യ വിമാനം ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാത്രി പുറപ്പെടും. തിരികെയെത്താൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ ഇസ്രായേൽ സ്ഥാപനങ്ങളിലെ ഇന്ത്യൻ വിദ്യാർഥികളും ഉൾപ്പെടുന്നു.
ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്ക് വിദേശകാര്യ മന്ത്രാലയം ചാർട്ടേഡ് വിമാനം സർവീസ് നടത്തുമെന്ന് അറിയിച്ച് വിദ്യാർഥികൾക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചു. ഈ വിമാനം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പ്രാദേശികസമയം രാത്രി ഒമ്പതിന് പുറപ്പെടും. ഇന്ത്യൻ സമയം ഇസ്രയേലിനേക്കാൾ രണ്ടര മണിക്കൂർ മുന്നിലാണ്.
ഏകദേശം 230 ഇന്ത്യക്കാർ ഇന്ന് രാത്രി വിമാനം കയറുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങുന്നവർ യാത്രാക്കൂലി നൽകേണ്ടതില്ല, അവരുടെ മടക്കയാത്രയുടെ ചെലവ് സർക്കാർ വഹിക്കും.
ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിച്ച ഇ-മെയിലിൽ അവരോട് ഒരു ഗൂഗിൾ ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെടുന്നു. അതിനുശേഷം അവർക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. 23 കിലോയിൽ കൂടാത്ത ഒരു ചെക്ക്-ഇൻ ലഗേജും ഒരു ക്യാബിൻ ലഗേജും മാത്രമേ അനുവദിക്കൂ എന്ന് മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗാസ മേഖലയിൽ പോരാട്ടം ശക്തമാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ അജയ് ആരംഭിച്ചത്. ഇന്ത്യക്കാരുടെ മടക്കവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.
ഇസ്രയേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.18,000 ഇന്ത്യക്കാരെ കൂടാതെ, ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ 60,000ല്‍ പരം ഇന്ത്യന്‍ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നു.
ഇസ്രയേലിലെ ഇന്ത്യൻ എംബസി യുദ്ധത്തിൽ കുടുങ്ങിയ ആളുകൾക്കായി 24 മണിക്കൂർ ഹെൽപ്പ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. ജനങ്ങളോട് ശാന്തരായിരിക്കാനും സമയാസമയങ്ങളിൽ നൽകുന്ന സുരക്ഷാ ഉപദേശങ്ങൾ പാലിക്കാനും എംബസി ആവശ്യപ്പെട്ടു.