കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ നിന്നും പരാതിക്കാന്‍ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു. ഹൈക്കോടതിയിലെ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും. കേസിലെ ഹര്‍ജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തില്‍ സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
മാസപ്പടി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സിന് നേരിട്ട് പരാതി നല്‍കി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കുഴല്‍നാടന്‍ നല്‍കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.