സതീഷ് കുമാര്‍ വിശാഖപട്ടണം
ദിലീപും മീരാജാസ്മിനും നായികാനായകന്മാരായി അഭിനയിച്ച കമലിന്റെ
‘ഗ്രാമഫോണ്‍ ‘എന്ന ചിത്രം പ്രിയ വായനക്കാര്‍ മറന്നിട്ടുണ്ടാകില്ലെന്ന് കരുതട്ടെ.
ഈ ചിത്രത്തില്‍ നടന്‍ മുരളി അവതരിപ്പിച്ച രവീന്ദ്രനാഥ് എന്ന കഥാപാത്രം തിരശ്ശീലയില്‍ മിന്നി മറയുമ്പോള്‍ വളരെ പരിചയമുള്ള ആരേയോ നമുക്ക് പെട്ടെന്ന് ഓര്‍മ്മ വരും …
സംഗീതത്തിനും സുഹൃത്തുക്കള്‍ക്കുമായി ജീവിതം ഹോമിക്കുന്ന ആ കഥാപാത്രത്തിന്റെ പ്രചോദനം ബാബുക്ക എന്ന് കോഴിക്കോട്ടുകാര്‍ ആദരപൂര്‍വ്വം വിളിച്ചിരുന്ന സാക്ഷാല്‍ ബാബുരാജ് തന്നെയാണ് …
ഒരുകാലത്ത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേരളത്തിലെ പറുദീസയായി അറിയപ്പെട്ടിരുന്ന കോഴിക്കോട് നഗരത്തില്‍ നിന്നാണ് ബാബുരാജിന്റെ ജീവിതകഥ ആരംഭിക്കുന്നത് ….
മലബാറിലെ മുസ്ലിം കുടുംബങ്ങളിലെ വിവാഹാഘോഷ വേളകളില്‍ ഖവ്വാലി പാടാനാണ് ജാന്‍ മുഹമ്മദ് എന്ന ബംഗാളി ഗായകന്‍ കോഴിക്കോട്ടെത്തുന്നത്.
സംഗീത സാന്ദ്രമായ ആ ജീവിത യാത്രക്കിടയില്‍ അദ്ദേഹം കോഴിക്കോട് നിന്നുതന്നെ തന്റെ ജീവിതസഖിയേയും കണ്ടെത്തി. അവര്‍ക്കുണ്ടായ മൂന്നു മക്കളില്‍ ഒരാളാണ് മുഹമ്മദ് സാബിര്‍ . സാബിറിന് എട്ടോ പത്തോ വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവായ മുഹമ്മദ് കുടുംബത്തെ ഉപേക്ഷിച്ചു കൊണ്ട് ബംഗാളിലേക്ക് തന്നെ മടങ്ങിപോയി . പിന്നീട്കോഴിക്കൊട്ടെ മിഠായിത്തെരുവിലും തീവണ്ടികളിലും വയറ്റത്തടിച്ചു പാട്ടുപാടി നടന്നാണ് സാബീര്‍ തന്റെ കുടുംബത്തെ സംരക്ഷിച്ചത്.
അന്ന് തീവണ്ടികളില്‍ വയറ്റത്തടിച്ചു പാട്ടു പാടി നടന്നിരുന്ന ആ ബാലനാണ്
പില്‍ക്കാലത്ത് മലയാള സിനിമയുടെ സംഗീത ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട എം.എസ്.ബാബുരാജ് എന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ …..
കോഴിക്കോട്ടെ കല്യാണവീടുകളിലും പിന്നീട് മലബാറിലെ നാടകരംഗങ്ങളിലും സ്ഥിരസാന്നിദ്ധ്യമായി തിളങ്ങിയ ബാബുരാജ് രാമു കാര്യാട്ടിന്റെ ‘മിന്നാമിനുങ്ങ് ‘ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്ത് കടന്നുവരുന്നു. അതുവരെ കേള്‍ക്കാത്ത പുത്തന്‍ ഈണങ്ങളിലൂടെ ബാബുരാജ് സൃഷ്ടിച്ചെടുത്ത പ്രണയമധുരത്തിന്റെ തേന്‍ തുളുമ്പുന്ന ഗാനങ്ങള്‍ മലയാളിയുടെ ഹൃദയാകാശത്തിലെ മേഘതീര്‍ത്ഥങ്ങളായി മാറി.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയ’ ത്തിലെ തേനൂറുന്ന ഗാനങ്ങളിലൂടെ ബാബുരാജ് കേരളീയരുടെ മനസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ കൂടുകൂട്ടുകയായിരുന്നു ….
ചിത്രത്തിലെ
‘താമസമെന്തേ വരുവാന്‍ ….’
എന്ന ഗാനത്തിന് ഈ സംഗീത ചക്രവര്‍ത്തി പകര്‍ന്നു നല്‍കിയ രാഗമാധുര്യത്തിന് പകരം വെയ്ക്കാന്‍ മലയാളത്തില്‍ മറ്റൊരു ഗാനം ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്….
ഭാഷയിലെ ആദ്യജ്ഞാനപീഠ ജേതാവായ മഹാകവി
ജി ശങ്കരക്കുറുപ്പ് യേശുദാസിനെ ‘ഗാനഗന്ധര്‍വന്‍ ‘എന്ന് വിശേഷിപ്പിക്കുവാന്‍ ഹേതുവായത് ബാബുരാജിന്റെ ഈ മാസ്മരിക
ഈണമായിരുന്നുവല്ലോ …
ഏകദേശം നൂറിലധികം ചിത്രങ്ങളിലൂടെ അഞ്ഞൂറില്‍പരം ഗാനങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്….
‘സുബൈദ ‘ എന്ന ചിത്രത്തിലെ പ്രശസ്തമായ
‘പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു
കരയുന്ന പെണ്ണേ ….’
എന്ന ഗാനമടക്കം 22 – ഓളം ഗാനങ്ങള്‍ ബാബുരാജ് മലയാളത്തില്‍ ആലപിച്ചിട്ടുണ്ട്…
മറ്റു സംഗീത സംവിധായകരില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നൂപുര ധ്വനികള്‍ മലയാളികളെ ആദ്യമായി കേള്‍പ്പിച്ചത് ബാബുരാജായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഗസലും ‘താമസമെന്തേവരുവാന്‍ ….’
(ഭാര്‍ഗ്ഗവി നിലയം)
ആദ്യത്തെ ഖവ്വാലിയും ‘പഞ്ചവര്‍ണ്ണതത്ത പോലെ
കൊഞ്ചി വന്ന പെണ്ണേ … ‘
(കറുത്ത കൈ)
ബാബുരാജിന്റെ വിലപ്പെട്ട സംഭാവനകളാണ്.
‘ സുറുമയെഴുതിയ മിഴികളേ …. (ഖദീജ)
‘അകലെ അകലെ നീലാകാശം …. (മിടുമിടുക്കി)
‘കിഴക്കെ മലയിലെ വെണ്‍നിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ് …. (ലോറാ നീ എവിടെ)
‘ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ …
‘പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ …. (പരീക്ഷ)
‘കദളിവാഴക്കൈയിലിരുന്നൊരു കാക്കയിന്നു വിരുന്നു വിളിച്ചു … (ഉമ്മ)
‘ ഒരു കൊട്ട പൊന്നുണ്ടല്ലോ …. (കുട്ടിക്കുപ്പായം)
‘പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ …(കാര്‍ത്തിക )
‘ഭഗവാന്‍ ഭഗവത് ഗീതയില്‍ പാടി …. (സംഭവാമി യുഗേ യുഗേ )
‘ചന്ദനപ്പല്ലക്കില്‍ വീടു കാണാന്‍ വന്ന … ( പാലാട്ടുകോമന്‍ )
‘താമരക്കുമ്പിളല്ലോ മമഹൃദയം … (അന്വേഷിച്ചു കണ്ടെത്തിയില്ല )
‘തളിരിട്ട കിനാക്കള്‍ തന്‍ താമര മാല വാങ്ങാന്‍ ….. ( മൂടുപടം ) ‘മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് …. (നിണമണിഞ്ഞ കാല്‍പ്പാടുകള്‍ )
‘പൊട്ടിത്തകര്‍ന്ന കിനാവുകള്‍ കൊണ്ടൊരു …. ( ഭാര്‍ഗ്ഗവിനിലയം )
‘കടലേ നീലക്കടലേ ……(ദ്വീപ് )
‘ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ ( പുള്ളിമാന്‍)
‘കണ്ണീരും സ്വപ്‌നങ്ങളും വില്‍ക്കുവാനായി വന്നവന്‍ ഞാന്‍ ….’ ( മനസ്വിനി )
എന്നിങ്ങനെ എത്രയോ മനോഹര ഗാനങ്ങളിലൂടെ സംഗീത സംവിധാനലോകത്തെ ചക്രവര്‍ത്തിയായി തിളങ്ങിയ ബാബുരാജിന് സംഗീതം പോലെ തന്നെ സുഹൃത്തുക്കളും ഒരു ബലഹീനതയായിരുന്നു.
സുഹൃദ്‌സദസ്സുകളിലെ മദ്യപാനം ക്രമേണ അദ്ദേഹത്തെ രോഗിയാക്കി.1978 ഒക്ടോബര്‍ 7-ന് വെറും അമ്പത്തിയേഴാം വയസ്സില്‍ ഈ സംഗീത പ്രതിഭ അന്തരിച്ചു … ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനം
പ്രണാമം …
(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )