April 24, 2025 12:12 am

ഐഎസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന്

ന്യൂഡൽഹി : എൻഐഎ തലയ്ക്ക് 3 ലക്ഷം വിലയിട്ട ഐഎസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് സ്പെഷ്യൽ സെൽ. പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം.

പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട്, കണ്ണൂർ വനമേഖലയിലൂടെയും ഇവർ യാത്ര നടത്തി.

ഗോവ, കർണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാൻ ശ്രമം നടത്തിയതെന്നാണ് സ്പെഷ്യൽ സെൽ വിശദീകരിക്കുന്നത്.

ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നു. പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്ഫോടനങ്ങൾ സംഘം നടത്തി. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയുമായിരുന്നു ഷാനവാസ് ലക്ഷ്യമിട്ടതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

ഇവരുടെ യാത്രാ വഴികളിൽ സ്ഫോടനമായിരുന്നു ലക്ഷ്യം. ദില്ലി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാർത്ഥം സ്ഫോടനങ്ങൾ നടത്തി. പാക് ചാരസംഘടനഐഎസ്ഐയുടെ സഹായത്തോടെ ദില്ലിയിൽ സ്ഫോടന പരമ്പരകൾക്കും പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കിയ ശേഷം അഫ്ഗാനിലേക്ക് പോകാനായിരുന്നു നീക്കമെന്നും പൊലീസ് പറയുന്നു.

ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിലായ ഷാനവാസ്. ദില്ലിയിലെ ഒളിയിടത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വാഹനമോഷണക്കേസിൽ ഇയാളെ കഴിഞ്ഞ ജൂലായിൽ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്. നിശബ്ദമായി പ്രവർത്തിച്ചിരുന്ന സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നു.

കേസ് എൻഐഎ ഏറ്റെടുത്തതോടെയാണ് മൂന്ന് പേരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News