കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പു കേസിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു.
സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മുന്‍ എംഎൽഎ കൂടിയായ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു.
കേസിലെ പ്രധാന പ്രതി സതീഷ് കുമാർ, എം.കെ. കണ്ണൻ പ്രസിഡന്റായിട്ടുള്ള തൃശൂർ സഹകരണ ബാങ്കിലാണ് പല ബെനാമി ഇടപാടുകളും നടത്തിയിട്ടുള്ളതെന്ന് ഇഡി കണ്ടെത്തിയിരുന്നു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് ഇവിടെ നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.
നേരത്തെ മുൻ മന്ത്രിയും എം എൽ എ യുമായ എ.സി.മൊയ്തീനെയും ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെ ഹാജരായിട്ടില്ല.
വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലറായ അരവിന്ദാക്ഷൻ ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കളെയും നേരത്തെ ചോദ്യം ചെയ്തു.
പിന്നാലെ സിപിഎം നേതാക്കളെ മനഃപൂർവം കുടുക്കാനായി ഇഡി ശ്രമിക്കുന്നതായി ആരോപിച്ച് അരവിന്ദാക്ഷൻ പരാതി നല്‍കി. തന്നെ മർദ്ദിച്ചുവെന്ന് പോലീസിൽ പരാതിയും നൽകി.
തൃശൂർ സഹകരണ ബാങ്കിനു പുറമെ അയ്യന്തോൾ സഹകരണ ബാങ്ക്, ചില ആധാരം എഴുത്ത് ഓഫീസുകൾ എന്നിവിടങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.