അനിലിന്റെ ബി ജെ പി പ്രവേശനത്തിന്റെ കഥ പറഞ് എലിസബത്ത് ആന്റണി

In Featured, Special Story
September 23, 2023

ആലപ്പുഴ: അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെ ന്യായീകരിച്ച് മാതാവും എ കെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ മക്കൾക്ക് രാഷ്ട്രീയത്തിലേക്ക് വരാനാകാതായെന്നും ‘കൃപാസനം’ യൂട്യൂബ് ചാനലിലൂടെ അവർ വെളിപ്പെടുത്തി.

എലിസബത്തിന്റെ വാക്കുകൾ

“2021 ൽ എനിക്കും ഭർത്താവിനും കൊവിഡ് ബാധിച്ചു, വളരെ സീരിയസായി. എന്റെ ബ്രദർ ഉടമ്പടിയെടുത്ത ആളായിരുന്നു. എന്റെ ബ്രദറും സഹോദരിമാരും എനിക്ക് വേണ്ടി വീഡിയോ കോളിലൂടെ പ്രാർത്ഥിച്ചു. ബ്രദർ ഉടമ്പടിയെടുത്ത ആളായിരുന്നതുകൊണ്ട് നെറ്റിയിൽ തൈലം പൂശിയിട്ടൊക്കെയാണ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. ഒത്തിരി സീരിയസായിരുന്ന എനിക്ക് അതിശയമായ രീതിയിൽ യാതൊരു സൈഡ് എഫക്ടും ഇല്ലാതെ ഞാൻ കൊവിഡിൽ നിന്ന് പുറത്തുവന്നു. എന്റെ ഭർത്താവിന് പ്രാർത്ഥനയിലൊന്നും വിശ്വാസമില്ല. ദൈവത്തിലും വിശ്വാസമില്ലാത്തയാളാണ്. പ്രാർത്ഥിക്കുമ്പോഴെല്ലാം എൽസി പ്രാർത്ഥിച്ചോ എന്ന് എന്നോട് പറയും. എന്തായാലും അദ്ദേഹവും കൊവിഡിൽ നിന്ന് പുറത്തുവന്നു.അങ്ങനെ നാട്ടിലേക്ക് തിരിച്ചുവന്നപ്പോൾ ബ്രദറിന്റെ നിർദേശപ്രകാരം ഉടമ്പടിയെടുത്തു.

കൊവിഡിന് ശേഷം ഭർത്താവിന് സെൽഫ് കോൺഫിഡൻസ് മൊത്തം നഷ്ടപ്പെട്ടിരുന്നു. കാൽ രണ്ടും തളർച്ച വന്നതുപോലെയായി. അങ്ങനെയാണ് പൊളിറ്റിക്സിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോന്നത്. ഞാൻ ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കാൻ തുടങ്ങി. ആദ്യത്തെ എട്ട് മാസത്തേക്ക് ഒരു നിയോഗം പോലും നടന്നില്ല. എനിക്ക് ഒത്തിരി ദു:ഖമായിരുന്നു. ഉടമ്പടിയെടുത്തയുടൻ ആളുകൾക്ക് അമ്മയെ കാണാനും വെളിച്ചം കാണാനുമൊക്കെ സാധിച്ചു. ഇത് വല്ല ഉടായിരിപ്പുമായിരിക്കുമെന്ന് കരുതി.

എന്തായാലും ഞാൻ ഉടമ്പടി പ്രകാരമുള്ള കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തുകൊണ്ടിരുന്നു.ഒരു ധ്യാനത്തിൽ അച്ചൻ പറഞ്ഞു, എല്ലാവരും ഉടമ്പടിയെടുക്കും ദൈവം അത് സ്വീകരിക്കുന്നുണ്ടോയെന്ന് നിങ്ങൾ പരിശോധിക്കണമെന്ന്. എന്റെ ഉടമ്പടി നിയോഗം ദൈവം സ്വീകരിച്ചില്ലെന്ന് വിചാരിച്ച് എന്നും രാവിലെ അഞ്ചരയോടെ പ്രാർത്ഥിക്കാൻ തുടങ്ങി. അപ്പോൾ എന്റെ ചെവിയിൽ രണ്ട് സാമുവൽ 23.5 എന്ന് റിപ്പീറ്റ് ആയിട്ട് വിസ്പർ ചെയ്തു.  ഉടൻ ഞാൻ വളരെ ഉത്സാഹത്തോടെ ജീവകാരുണ്യപ്രവർത്തനങ്ങളടക്കം ഉത്സാഹത്തോടെ ചെയ്യാൻ തുടങ്ങി.

 

കുമ്പസരിച്ച്, പരിശുദ്ധ കുർബാനയൊക്കെ സ്വീകരിച്ചു. ഉടനെ തന്നെ ഒത്തിരി മാറ്റം സംഭവിച്ചു. കഴിഞ്ഞ പതിനഞ്ചാം തീയതി വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭർത്താവ് അത് സ്വീകരിച്ചു. സെൽഫ് കോൺഫിഡൻസ് തിരിച്ചുവന്നു. തനിയെ യാത്ര ചെയ്തു. പിന്നെ രാഷ്ട്രീയത്തിലേക്ക് ജോയിൻ ചെയ്യണമെന്നത്  മൂത്ത മകന്റെ ഭയങ്കര സ്വപ്നമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള തടസം മാറ്റാനാണ് ഞാൻ രണ്ടാമത്തെ നിയോഗം വച്ചത്.

നമ്മളാരും പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങൾ പോയത്. പെട്ടെന്ന് ബിബിസി വിവാദം വരികയും, പ്രശ്നങ്ങളൊക്കെ ആയി. മാതാവേ എല്ലാം കൈവിട്ടുപോയോ എന്ന് ഞാൻ അമ്മയോട് കരഞ്ഞുപറഞ്ഞു. അപ്പോൾ അവൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, അമ്മേ എന്നെ പി എം ഒയിൽ നിന്ന് വിളിച്ചിട്ടുണ്ടെന്നും ബി ജെ പിയിൽ ചേരാൻ പറഞ്ഞെന്നും അവൻ പറഞ്ഞു. അവന് നല്ലൊരു ഭാവി ഉണ്ടെന്ന് ജോസഫ് അച്ചൻ പറഞ്ഞു. ബി ജെ പിയോടുള്ള എന്റെ അറപ്പും വെറുപ്പുമൊക്കെ അമ്മ മാറ്റിത്തന്നു. എന്റെ ഭർത്താവിന് വലിയ ഷോക്കായിരുന്നു. എന്റെ വീട്ടിലെ ക്രമസമാധന നില കൂടി കൈകാര്യം ചെയ്യണമെന്ന് ഞാൻ അമ്മയോട് അഭ്യർത്ഥിച്ചു.

 മകൻ വീട്ടിലേക്ക് വരുമ്പോൾ വല്ല പൊട്ടിത്തെറി ഉണ്ടാകുമോയെന്ന് ഭയമായിരുന്നു. എന്നാൽ സമാധാനത്തിന്റെ രാജ്ഞിയായ അമ്മ എല്ലാം സൗമ്യമായി പരിഹരിച്ചു. രാഷ്ട്രീയം മാത്രം ആരും വീട്ടിൽ സംസാരിക്കാൻ പാടില്ലെന്ന് ഭർത്താവ് അവനോട് പറഞ്ഞു. അവനെ ഒറ്റപ്പെടുത്തിയിട്ടുമില്ല. അവൻ ഇപ്പോൾ വളരെ ഹാപ്പിയാണ്.’- എലിസബത്ത് ആന്റണി പറയുന്നു.