തൃശൂർ: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം ശക്തമായതോടെ മൊയ്തീനടക്കമുള്ള സിപിഎം നേതാക്കൾക്കായി ഡൽഹിയിൽനിന്ന് മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ സിപിഎം നീക്കം.
ഇതിനായി ഡൽഹിയിലെ സിപിഎമ്മിലെ കേന്ദ്രനേതാക്കളുമായി സംസ്ഥാന നേതാക്കൾ ചർച്ച ചെയ്തു. നിരവധി പ്രമാദ കേസുകളിൽ ഹാജരായിട്ടുള്ള അഭിഭാഷകനെ തന്നെ കേരളത്തിൽ സിപിഎമ്മിനെതിരെയുള്ള കേസിൽ ഹാജരാക്കാനാണ് നീക്കം.ഒരു സിറ്റിംഗിനു തന്നെ വലിയ തുക പ്രതിഫലം വാങ്ങുന്ന അഭിഭാഷകനാണെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും മികച്ച അഭിഭാഷകനെ തന്നെ കേസ് ഏൽപ്പിക്കുന്നതാണ് നല്ലതെന്ന പാർട്ടി തീരുമാനത്തിനൊടുവിലാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകനെ ഇറക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ സഹായിക്കാൻ കേരളത്തിൽ നിന്നുള്ള അഭിഭാഷകരുടെ പാനലും ഉണ്ടാകും.
ഡൽഹിയിലെ സിപിഎം നേതാക്കൾ ഈ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കേസ് ഏറ്റെടുക്കാൻ അദ്ദേഹം സമ്മതം മൂളിയിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ കൂടുതൽ കുരുക്കിലേക്കാണ് സിപിഎമ്മും നേതാക്കളും നീങ്ങുന്നത്.ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച നിയമസഹായത്തിനായി കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളിൽ പരിചയസന്പന്നനായ അഭിഭാഷകനെ തന്നെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്.
ഡൽഹിയിൽ ഇഡി വൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള, ഇത്തരം കേന്ദ്രങ്ങളിൽ പിടിപാടുള്ള ഒരാളെതന്നെ കേസിന്റെ കാര്യങ്ങൾ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്. മൊയ്തീനെ അടുത്ത തവണ ചോദ്യം ചെയ്യാൻ വിളിച്ചാൽ അറസ്റ്റിന് സാധ്യതയേറെയാണ് എന്ന അഭ്യൂഹം ശക്തമായിരിക്കെ മുൻകൂർജാമ്യമടക്കമുള്ള കാര്യങ്ങളുമായി സജീവമായി മുന്നോട്ടുപോവുകയാണ് നേതൃത്വം.