തിരുവനന്തപുരം: ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ ഘടകകക്ഷിയായതോടെ വെട്ടിലായി ജെ.ഡി.എസ് കേരള നേതൃത്വം. ഇവിടെ ഇടതുമുന്നണിയിലെ കാലങ്ങളായുള്ള ഘടകകക്ഷിയാണ് ജെ.ഡി.എസ്. അതേസമയം, തങ്ങൾ ബി.ജെ.പി മുന്നണിയിലേക്ക് ഒരു കാരണവശാലും പോകില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഭാവിനടപടികൾ തീരുമാനിക്കാൻ സംസ്ഥാന സമിതി യോഗം ഒക്ടോബർ 7ന് വിളിച്ചുചേർത്തു. എൻ.ഡി.എയുടെ ഭാഗമാകില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസ് കേരളകൗമുദിയോട് പറഞ്ഞു.
2006ലും ജെ.ഡി.എസ് സംസ്ഥാന ഘടകത്തെ വെട്ടിലാക്കി കർണാടകയിൽ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും നേതൃത്വത്തിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നു. എന്നാൽ എം.പി. വീരേന്ദ്രകുമാർ അദ്ധ്യക്ഷനായ സംസ്ഥാന ഘടകം അന്ന് പ്രത്യേക നിലപാടെടുത്തു.
പിന്നീട് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോഴിക്കോട് സീറ്റ് ഇടതുമുന്നണി നിഷേധിച്ചതിനെ ചൊല്ലിയുണ്ടായ പ്രശ്നത്തിൽ വീരേന്ദ്രകുമാർ വിഭാഗം മുന്നണി വിട്ടു. മാത്യു.ടി.തോമസ് അന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞെങ്കിലും അതിനകം ദേവഗൗഡയുടെ പാർട്ടി വീണ്ടും ബി.ജെ.പി ബന്ധം വിച്ഛേദിച്ചതിനാൽ ജെ.ഡി.എസായിത്തന്നെ മാത്യു.ടി.തോമസും കൂട്ടരും ഇടതുമുന്നണിയിൽ തുടർന്നു.
കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന പാർട്ടി ദേശീയ പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ഇതര, ബി.ജെ.പി വിരുദ്ധ മുന്നണിയായി നിൽക്കുമെന്ന് പ്രഖ്യാപിച്ചുള്ള രാഷ്ട്രീയ പ്രമേയമാണ് അംഗീകരിച്ചതെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും പാർട്ടി വക്താവുമായ ജോസ് തെറ്റയിൽ പറഞ്ഞു. നേരത്തേ ലോക് താന്ത്രിക് ജനതാദളുമായി ലയന സാദ്ധ്യത ജെ.ഡി.എസ് തേടിയിരുന്നെങ്കിലും അവസാനഘട്ടത്തിൽ അട്ടിമറിക്കപ്പെട്ടു. എൽ.ജെ.ഡി രാഷ്ട്രീയ ജനതാദളുമായി ലയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒക്ടോബർ 12ന് കോഴിക്കോട്ട് ഇതിനായി വിപുലമായ സമ്മേളനം വിളിച്ചിട്ടുണ്ട്.