തിരുവനന്തപുരം: പ്രിയരഞ്ജൻ കാർ കയറ്റി കൊന്നത് സ്വന്തം ഗുരുവിന്റെ മകനെ. ട്യൂട്ടോറിയൽ കോളേജിൽ താൻ മുമ്പ് പഠിപ്പിച്ചിരുന്ന വിദ്യാർത്ഥി പ്രിയരഞ്ജനാണ് മകനെ കൊന്നതെന്ന് പറയുമ്പോൾ പൂവച്ചൽ പുളിങ്കോട് ‘അരുണോദയ’ത്തിൽ എ.അരുൺകുമാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിന് മുന്നിൽ കാറിടിച്ച് അരുൺകുമാറിന്റെ മകൻ പത്താംക്ലാസ് വിദ്യാർത്ഥിയായ ആദിശേഖർ മരിച്ചത് അപകട മരണമാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ക്ഷേത്രത്തിലെ സി.സി ടിവി ക്യാമറ ദൃശ്യങ്ങളിലൂടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
അപകടമുണ്ടായ ശേഷം ആദ്യം പൊലീസിന് മൊഴി നൽകിയപ്പോൾ മരണത്തിൽ സംശയമില്ലെന്നാണ് അരുൺകുമാർ പറഞ്ഞത്. സി.സി ടി വി ദൃശ്യം ആദ്യം പരിശോധിച്ച ബന്ധുക്കളിൽ ചിലർക്ക് ദൃശ്യത്തിൽ ദുരൂഹത തോന്നി. തുടർന്ന് അരുൺകുമാറിനോട് പ്രിയരഞ്ജനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. അപ്പോഴൊന്നും തന്റെ വിദ്യാർത്ഥിയും സമീപവാസിയുമായ പ്രിയരഞ്ജനെക്കുറിച്ച് യാതൊരു സംശയവും അരുൺകുമാറിന് തോന്നിയില്ല. മാത്രമല്ല, പ്രിയരഞ്ജന്റെ രണ്ടുമക്കൾ അരുൺകുമാർ അദ്ധ്യാപകനായ സർക്കാർ സ്‌കൂളിലാണ് പഠിച്ചിരുന്നത്.
സി.സി ടിവി ദൃശ്യങ്ങൾ കാണാനിടയായ അരുൺകുമാറിന്റെ അടുത്ത ബന്ധു ലതയാണ് ആദിശേഖറിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. ഏപ്രിൽ മാസം പ്രിയരഞ്ജൻ ആദിശേഖറുമായി കയർത്തതും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമെല്ലാം നേരിട്ട് കണ്ട ഒരേയൊരാൾ ലതയായിരുന്നു. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കാൻ പാടില്ലെന്ന് ആദിശേഖർ പ്രിയരഞ്ജനോട് പറഞ്ഞപ്പോൾ ഇയാൾ അസഭ്യം പറഞ്ഞെന്നും അടിക്കാൻ ശ്രമിച്ചെന്നും പറഞ്ഞ ലത ഇതൊരു അപകടമല്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് കണ്ട ആദിശേഖരൻ ഇത് ശരിയാണോ എന്ന് ചോദിച്ചതാണ് പകയ്‌ക്ക് കാരണമായത്.‘മാമാ…ഇതൊരു ക്ഷേത്രമല്ലേ, മാമന് നാണമുണ്ടോ ഇവിടെ മൂത്രമൊഴിക്കാൻ ‘… എന്നായിരുന്നു ചോദ്യം. തന്നെക്കാൾ പ്രായം കുറഞ്ഞ കുട്ടി തന്നെ ഉപദേശിക്കുന്നോ എന്ന മനോഭാവം പെട്ടെന്നാണ് പ്രിയരഞ്ജനുണ്ടായത്. കുട്ടിയുടെ സൈക്കിൾ പിടിച്ചുനിറുത്തി അസഭ്യം പറയുകയും ഇരുകൈകളും കൂട്ടിപ്പിടിച്ച് അടിക്കാൻ കൈയോങ്ങിയശേഷം ‘നിന്നെ ശരിയാക്കിക്കളയും’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
ഭയന്നുപോയ കുട്ടി കരയുമ്പോഴാണ് ബന്ധുവായ ലതാകുമാരി ഇക്കാര്യം കാണുന്നത്. സംഭവശേഷം പ്രിയരഞ്ജനെ ഭയന്ന് പിന്നീട് ആദിശേഖർ കളിക്കാനൊന്നും പോയിരുന്നില്ല.