കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണങ്ങൾ നിപാ വൈറസ് ബാധ മൂലമാണെന്ന സംശയത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങൾ സംബന്ധിച്ച സംശയങ്ങൾ മൂലമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് അടുത്തടുത്ത് മരണമടഞ്ഞത്. ആദ്യ മരണം ആഗസ്റ്റ് 30 നാണ് സംഭവിച്ചത്.മരണപ്പെട്ടവരുടെ ശരീരത്തിൽ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമാകും കൂടുതൽ കാര്യങ്ങൾ വ്യക്തമാകുക.
എന്നാൽ നിപ സംശയം ഒട്ടും തന്നെ ഉയർന്നിരുന്നില്ല. ന്യൂമോണിയ ബാധിച്ച് മരിച്ചെന്നായിരുന്നു കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. പിന്നാലെയാണ് ഇദ്ദേഹം ചികിത്സയിലിരിക്കെ ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടത്. അധികം വൈകാതെ ഇദ്ദേഹവും മരണത്തിന് കീഴടങ്ങി.
മരിച്ച ആദ്യത്തെയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ഉടലെടുത്തത്. അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഒൻപത് വയസുകാരനായ ഒരു ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ.
സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ജില്ലയുടെ ഏത് ഭാഗത്തുനിന്നുള്ളവർക്കാണ് നിപാ ബാധ സംശയിക്കുന്നതെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.നിപാ ബാധ മൂലം മരിച്ചെന്ന സംശയിക്കപ്പെടുന്ന ഒരാളുടെ ബന്ധുക്കൾ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.