ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ബിജെപി നേതാവ്

In Special Story
September 12, 2023

ആലപ്പുഴ: പങ്കെടുത്ത പരിപാടിയിൽ പ്രതിഫലം നൽകാതെ കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയ ചലച്ചിത്രതാരം ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി. വലിയ പ്രതിഫലം നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മി പ്രിയയെ ആദ്യമേ അറിയിച്ചിരുന്നെന്നും അതിന് ശേഷമാണ് താരത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും സന്ദീപ് വചസ്പതി ലൈവ് വീഡിയോയിൽ പറഞ്ഞു. ലക്ഷ്മി പ്രിയ 60,000 രൂപ ആവശ്യപ്പെട്ടപ്പോൾ അത്രയും നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മിപ്രിയയെ അറിയിച്ചിരുന്നെന്നും സന്ദീപ് പറഞ്ഞു.

‘വിഷയം പരിഹരിക്കാമെന്ന് പറഞ്ഞപ്പോൾ, തനിക്ക് ലഭിച്ച പണം തിരികെ കൊടുക്കാൻ പോകുകയാണെന്നാണ് ലക്ഷ്മി അറിയിച്ചത്. ഇപ്പോൾ പണം തിരികെ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ പണം തിരികെ കൊടുത്തതായിട്ടാണ് ഞാൻ അറിഞ്ഞത്. ഇതിന് ശേഷം ഞാൻ സംഘാടകരെ വിളിച്ച് പണം വേണമെങ്കിൽ കൂടുതൽ തരാൻ അവരോട് ആവശ്യപ്പെടാമെന്ന് പറഞ്ഞു. പിന്നീട് പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു’.

പരിപാടിയുടെ സംഘാടകരെ ലക്ഷ്മിക്ക് പരിചയപ്പെടുത്തി കൊടുക്കുകയും പരിപാടിയുടെ ദിവസം ലക്ഷ്മി അവിടെ എത്തിയതിന് ശേഷമുള്ള കാര്യങ്ങളാണ് താൻ അറിയുന്നതെന്നും സന്ദീപ് പറഞ്ഞു. പരിപാടിക്ക് ശേഷം ലക്ഷ്മിപ്രിയ ഫോണിൽ വിളിച്ച് പ്രതിഫലം കുറഞ്ഞുപോയെന്ന് പറഞ്ഞിരുന്നു. അക്കാര്യത്തെ കുറിച്ച് സംഘാടകരുമായി ബന്ധപ്പെട്ടതിന് ശേഷം പ്രതികരിക്കാമെന്നും ലക്ഷ്മിയോട് പറഞ്ഞെന്നും സന്ദീപ് വീഡിയോയിൽ സൂചിപ്പിച്ചു.

‘ശേഷം സംഘാടകരുമായി ബന്ധപ്പെട്ടപ്പോഴാണ് അറിയുന്നത്, അവർ പരിപാടിയിൽ പങ്കെടുക്കാൻ 60,000 രൂപയാണ് ആവശ്യപ്പെട്ടതെന്നും, അത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ അത് കുഴപ്പമില്ല, സന്ദീപ് ജി പറഞ്ഞ പരിപാടിയല്ലേ എന്ന് പറഞ്ഞാണ് അവർ സമ്മതിച്ചത്. ഈ തുക സംബന്ധിച്ച കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞിട്ടില്ല.

‘കഴിഞ്ഞ ദിവസമാണ് ലക്ഷ്മി പ്രിയ ഫോണിൽ ബന്ധപ്പെടുന്നത്. സംസാരത്തിനിടെ ഞാൻ അവരോട് പറഞ്ഞു, ‘ഇത് ആകെ നാണക്കേടായി ലക്ഷ്മി’. ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞു. അപ്പോഴേക്കും ഈ സ്ത്രീ വലിയ പരുഷമായ രീതിയിൽ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. അക്ഷരാർത്ഥത്തിൽ അലറുകയാണ് ചെയ്തത്’- സന്ദീപ് പറഞ്ഞു. ലക്ഷ്മിപ്രിയ ഫോൺ വിളിച്ചപ്പോൾ താൻ എടുത്തില്ലെന്ന ആരോപണം തെറ്റാണെന്നും  സന്ദീപ് വീഡിയോയിൽ വ്യക്തമാക്കി.