കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ എം.എല്‍ എ അടക്കം സിപിഎം നേതാക്കള്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എ സി മൊയ്തീന്‍ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മറുപടി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇടപെട്ടില്ലെന്നായിരുന്നു അനൂപിന്റെ പ്രതികരണം.
പത്ത് വര്‍ഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് ഇഡി എ സി മൊയ്തീന് നല്‍കിയ നിര്‍ദ്ദേശം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി ലോണ്‍ നേടിയത് എ.സി മൊയ്തീനിന്റെ ശുപാര്‍ശ പ്രകാരമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധുകൂടിയാണ് എ.സി മൊയ്തീന്‍. ബെനാമി ലോണ്‍ തട്ടിപ്പിന്റെ ആസൂത്രകന്‍ സതീഷ് കുമാറുമായി എ.സി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംപിയുടെയും ബെനാമിയാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. 400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 2012 മുതലാണ് ബെനാമി ലോണ്‍ അടക്കമുള്ള തട്ടിപ്പുകള്‍ തുടങ്ങുന്നത്.