ഹോട്ടൽ ജീവനക്കാരനിൽ നിന്നും കോടീശ്വരനിലേക്ക്

In Featured
September 10, 2023

തൃശ്ശൂര്‍: തൊഴില്‍ തേടി കണ്ണൂരില്‍നിന്ന് തൃശ്ശൂരിലേക്കു വന്ന്  കോടീശ്വരനായ പി. സതീഷ്‌കുമാര്‍ എന്ന വെളപ്പായ സതീശന്റെകഥ ആരെയും അമ്പരപ്പിക്കും.

കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാല്‍ മുണ്ടോറപ്പൊയിലിലെ സാധാരണ കുടുംബത്തിൽ
ജനിച്ച സതീഷ് 1988-ലാണ് തൃശ്ശൂരിലെത്തിയത്. മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളേജിനടുത്ത് ബാഗുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിലും തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലിലും ജീവനക്കാരനായിരുന്ന സതീഷ് ഒരു സുപ്രഭാതത്തിൽ
 സമ്പന്നനാകുകയായിരുന്നു. ഈ സമ്പത്തിന്റെ നാൾവഴികൾ ഇ ഡി യുടെ അന്വേഷണത്തിൽ തെളിഞ്ഞേക്കും.

കൈയില്‍ വന്ന പണം വലിയ പലിശയ്ക്ക് നല്‍കലായിരുന്നു ആദ്യം. സാമ്പത്തികവളര്‍ച്ചയ്‌ക്കൊപ്പം സ്വാഭാവികമായും വന്‍കിടബന്ധങ്ങളുമുണ്ടായി.സർവീസിൽ നിന്നും വിരമിച്ച പണവും, മക്കളുടെ വിവാഹം , ചികിത്സ എന്നീ ആവശ്യങ്ങൾക്കും സാധാരണക്കാരും, ദിവസ വേതനക്കാരും സ്വരുക്കൂട്ടിയ പണം കൊണ്ടായിരുന്നു സതീഷിന്റെ രാജവേഷം.


കണ്ണൂരിലെ പ്രമുഖ സി.പി.എം. വനിതാ നേതാവിന്റെ സഹോദരിയുടെ മകനാണെന്ന് പരിചയപ്പെടുത്തി വ്യാജമായി ഉണ്ടാക്കിയെടുത്തതെന്നാണ് ഇപ്പോഴത്തെ വിവരം. പ്രമുഖ നേതാക്കളുമായി ബന്ധമുണ്ടെന്ന് കാണിക്കാനായി സതീശന്‍, തിരഞ്ഞെടുപ്പുനിധിയിലേക്ക് വന്‍ തുക നല്‍കി പ്രചാരണങ്ങളില്‍ നേതാക്കള്‍ക്കൊപ്പം ഫോട്ടോകളെടുത്ത് ഉപയോഗിക്കുകയും ചെയ്തു. ഇത് സാധാരണക്കാരിലും വലിയ കള്ളപ്പണക്കാരിലും സതീശനിലുള്ള വിശ്വാസം കൂട്ടാന്‍ ഉപകരിച്ചു.


ജപ്തിയായ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ സഹകരണസ്ഥാപനങ്ങളില്‍നിന്ന് പുതിയ വായ്പകള്‍ സംഘടിപ്പിച്ചും വായ്പകള്‍ പുതുക്കിയും കമ്മിഷന്‍ വാങ്ങിയാണ് സതീശന്‍ വളര്‍ന്നത്. ഇതിന് ഇടതു സഹകരണരംഗത്തെ ചില ഉന്നത രാഷ്ട്രീയക്കാരും പങ്കാളികളായി. പാര്‍ട്ടിയില്‍നിന്ന് വേര്‍പെട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി അതും വിഘടിച്ച് തിരികെയെത്തി സഹകരണമേഖലയില്‍ പ്രമുഖ തസ്തിക നേടിയ നേതാവിനെയും സതീശന്‍ കൈയിലെടുത്തു. ഇതോടെ കോടികളുടെ വായ്പയ്ക്കും വായ്പ പുതുക്കലിനും പഞ്ഞമില്ലാതായി.

ഇങ്ങനെ കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാര്‍ ഉന്നത രാഷ്ട്രീയപ്രമുഖര്‍ക്ക് കൈമാറിയെന്നാണ് ഇ.ഡി.യുടെ നിഗമനം. കരുവന്നൂരില്‍ മാത്രമല്ല, തൃശ്ശൂരിലെ അഞ്ചോളം സഹകരണ ബാങ്കുകളില്‍ക്കൂടി ഇയാൾക്ക് അക്കൗണ്ടുള്ളതായി അന്വേഷണസംഘം സംശയിക്കുന്നു.

ജപ്തിയായ വസ്തുക്കള്‍ ലേലത്തിനെടുത്ത് മറിച്ചുവിറ്റും പണമുണ്ടാക്കി. ഇതോടെ പലിശയ്ക്കുള്ള പണമിടപാട് വ്യാപകമാക്കി. അതോടെ കള്ളപ്പണം പുറത്തുകാണിക്കാന്‍ കഴിയാത്തവര്‍ സതീഷിനെ ബിനാമിയാക്കി ഇടപാട് നടത്തി. നിശ്ചിത കമ്മിഷന്‍ വ്യവസ്ഥയിലായിരുന്നു ഇടപാട്.

വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും മതനേതാക്കളും രാഷ്ട്രീയനേതാക്കളും സതീശനെത്തേടിയെത്തി. നോട്ടുനിരോധനക്കാലത്ത് സതീശന്‍ കോടികളുടെ നോട്ട് കരുവന്നൂര്‍ ഉള്‍പ്പെടെ വിവിധ സഹകരണബാങ്കുകളില്‍ മാറ്റിയെടുത്തതായി ആരോപണമുണ്ട്.


കരുവന്നൂര്‍ ബാങ്കില്‍ ഏറ്റവും വലിയ തട്ടിപ്പുനടത്തിയ കിരണുമായി അടുത്ത ബന്ധമുണ്ടെന്ന വിവരമാണ് ഇ.ഡി.യുടെ പിടിവീഴാന്‍ കാരണമായത്. അംഗത്വം പോലുമെടുക്കാതെ കിരണ്‍ 35 കോടിയാണ് ബാങ്കില്‍നിന്ന് തട്ടിയത്. കിരണുമായി ചേര്‍ന്ന് സതീഷ് വിദേശത്ത് മിനറല്‍ വാട്ടര്‍ കമ്പനി ഉള്‍പ്പെടെ അഞ്ച് വ്യാപാരക്കമ്പനികള്‍ തുറന്നെന്ന വിവരവും ഇ.ഡി. പരിശോധിക്കുന്നുണ്ട്.

പി. സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇ.ഡി. അറസ്റ്റുചെയ്തത്. കിരണിന് ബാങ്കില്‍ അംഗത്വംപോലുമില്ല. ഇയാള്‍ക്ക് വായ്പനല്‍കാന്‍ പാവപ്പെട്ടവരായ ഒട്ടേറെപ്പേരുടെ രേഖകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. അവര്‍പോലുമറിയാതെയാണ് ആ രേഖകള്‍ ഈടായിസ്വീകരിച്ച് ബാങ്ക് വായ്പയനുവദിച്ചത്.

ചെക്ക് മുഖേനയോ ബാങ്ക് ട്രാന്‍സ്ഫറോ അല്ലാതെ പണമായാണ് തുക കൈമാറിയിരുന്നത്. പണം കിരണിന് ലഭിക്കുമ്പോള്‍ അതുവാങ്ങുന്നതിന് സതീഷ്‌കുമാര്‍ ചാക്കുമായിവരും. മൂന്നും നാലും കോടി രൂപ ഈ രീതിയില്‍ കൊണ്ടുപോയി. ഇങ്ങനെ 14 കോടിരൂപ സതീഷിന് പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനായ കിരണും ബാങ്ക് ജീവനക്കാരും സതീഷിനെ ഭയന്നിരുന്നതായും ഇ.ഡി. വ്യക്തമാക്കുന്നു.