മറവി വില്ലനായി ; ഒടുവിൽ അരുംകൊല

In Featured
September 09, 2023

കൊച്ചി: മറവിരോഗം ബാധിച്ച ഭർത്താവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. മറവിരോഗം ബാധിച്ച ഭർത്താവിന്റെ അവസ്ഥയാണ്
കൊലക്കു കാരണമെന്നാണ്  ശാന്തകുമാരിയുടെ മൊഴി.

ആലങ്ങാട് തേലക്കാട്ട് വെള്ളംകൊള്ളി വീട്ടിൽ (ടിവി നിവാസ്) പ്രഭാകരൻ നായരാണ് (81) കൊല്ലപ്പെട്ടത്. ഭാര്യ ശാന്തകുമാരിയെ (66) പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കു ശേഷം കിണറ്റിൽ ചാടിയ ശാന്തകുമാരിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു രക്ഷപ്പെടുത്തിയത്.

ദമ്പതികൾ മാത്രമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. മറവിരോഗം മൂലം പ്രഭാകരൻ നായർ വീട്ടിൽ നിന്നു പുറത്തിറങ്ങിപ്പോകുന്ന പതിവുണ്ടായിരുന്നു. ഗേറ്റ് പൂട്ടിയാൽ ചാടിക്കടക്കും.ചൊവ്വാഴ്ച ഇങ്ങനെ പല തവണ പ്രഭാകരൻ നായർ വീട്ടിൽ നിന്നു പുറത്തേക്കു പോയി. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെയാണു തിരിച്ചെത്തിച്ചത്. രാത്രി 8.30ന് ഉറങ്ങിയ പ്രഭാകരൻ നായർ 11നു വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ശാന്തകുമാരി മുറി തുറന്നത്. അപ്പോൾ പുറത്തുപോകണം എന്നാവശ്യപ്പെട്ടു ബഹളം വച്ചു. ബലമായി മുറിയിൽ നിന്നു പുറത്തേക്കു കടക്കാനുള്ള ശ്രമവും നടത്തി.

ഇതു തടയാനുള്ള ശ്രമത്തിനിടെ കിടക്കയിൽ വീണ പ്രഭാകരൻ നായരുടെ കഴുത്തിൽ തോർത്തു മുണ്ടു കെട്ടി മുറുക്കിയ ശേഷം ശാന്തകുമാരി മുറിക്കു പുറത്തു വന്നിരുന്നു. മരണം ഉറപ്പായതോടെ സ്വയം ജീവനൊടുക്കാനുള്ള തീരുമാനത്തിൽ പുലർച്ചെ 3ന് ശാന്തകുമാരി വീട്ടിലെ കിണറ്റിൽ ചാടി. നീന്തൽ അറിയുന്ന ശാന്തകുമാരി മോട്ടറിന്റെ പൈപ്പിൽ പിടിച്ചു 3 മണിക്കൂർ കഴിച്ചുകൂട്ടി. ഇവരുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. പോസ്റ്റ്മോർട്ടത്തിൽ ‍കൊലപാതകമെന്നു തെളിഞ്ഞു.റിട്ട. ഇഡി പോസ്റ്റ്മാനായിരുന്ന പ്രഭാകരൻ നായർ ഏറെക്കാലം ചെറുകുന്നത്ത് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായിരുന്നു.

ഒന്നിച്ചും ഒരുമയോടെയും കഴിഞ്ഞ ദമ്പതികളായിരുന്നു പ്രഭാകരൻ നായരും ശാന്തകുമാരിയും. നാട്ടിലായാലും കുടുംബത്തിലായാലും വിശേഷ ദിവസങ്ങളിൽ ഒന്നിച്ചു മാത്രമേ ഇവരെ കാണാറുള്ളൂ എന്നു നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഈയിടെ ആലങ്ങാട് ചെറുകുന്നത്ത് ക്ഷേത്രത്തിൽ ആനയൂട്ടിനു രണ്ടുപേരും പങ്കെടുത്തിരുന്നു.

സന്തോഷത്തോടെ കഴിയേണ്ട വാർധക്യ കാലത്തു മറവിരോഗം പിടികൂടിയത് ഇവരുടെ ജീവിതം താളംതെറ്റിച്ചു. മരണം നടന്ന ചൊവ്വാഴ്ച ശ്രീകൃഷ്ണപുരം പൊലീസ് അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. പോസ്റ്റ്മോർട്ടത്തിലാണു കൊലപാതകമെന്നു സ്ഥിരീകരിച്ചത്.