കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ചാണ്ടിയുടെ ഭൂരിപക്ഷം 37,719 വോട്ട്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം. ചാണ്ടി ഉമ്മന് ആകെ ലഭിച്ചത് 80,144 വോട്ട്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചുഎൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനേക്കാൾ 36,454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടിയുടെ വിജയമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻലാലിന് പതിനായിരം വോട്ടുകൾ പോലും നേടാൻ സാധിച്ചില്ല.
എതിർസ്ഥാനാർത്ഥികളെ മാത്രമല്ല സ്വന്തം പിതാവിന് 2011ലെ തിരഞ്ഞെടുപ്പിന് കിട്ടിയ ഭൂരിപക്ഷവും ചാണ്ടി മറികടന്നു. അന്ന് 33,255 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ജയിച്ചത്. ദു:ഖത്തിലെ സന്തോഷമാണിതെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. വോട്ടെണ്ണൽ തുടങ്ങി രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ‘49044 +’ എന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
അതേസമയം, തുടർച്ചയായ മൂന്നാം തവണയാണ് ജെയ്ക് പരാജയപ്പെടുന്നത്. രണ്ട് തവണ അച്ഛനോടും ഇപ്പോൾ മകനോടും തോറ്റു. എൽ ഡി എഫ് സർക്കാരിനോടുള്ള ശക്തമായ എതിർപ്പാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു.
എൽ ഡി എഫിനേറ്റ എറ്റവും വലിയ തിരിച്ചടിയാണിതെന്നും ഇടതുപക്ഷ വോട്ടുകളും കിട്ടിയെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനേറ്റ തിരിച്ചടിയാണിതെന്നും നൂറ് ശതമാനം രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകളാണ് യു ഡി എഫിന് കൂടിയത്. 2021ൽ 63,372 വോട്ടുകൾ കിട്ടി. ഇത്തവണ 78,098 വോട്ടുകളാണ് ചാണ്ടി ഉമ്മൻ നേടിയത്. അന്ന് 54,328 വോട്ട് നേടിയ എൽ ഡി എഫ് 41,644 ആയി ചുരുങ്ങി. എൻ ഡി എ 6,447 വോട്ടാണ് നേടിയത്.