ബംഗളൂരു: സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങൾ ഐ.എസ്.ആര്‍.ഒ പ്രസിദ്ധീകരണത്തിനു നൽകി.
ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവെക്കുന്ന ആദിത്യ സെപ്റ്റംബര്‍ നാലിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്
ഭൂമിയെ വലുതായി ചിത്രത്തില്‍ കാണാം. ഭൂമിക്ക് ഏറെ അകലെയായി വലംവെക്കുന്ന ചെറിയ ചന്ദ്രനെയും ചിത്രത്തില്‍ കാണാൻ സാധിക്കും.
ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വര്‍ഷം നീണ്ട ദൗത്യം.
രണ്ട് പരീക്ഷണ ഉപകരണങ്ങളുടെ ചിത്രവും ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിട്ടുണ്ട്. സോളാര്‍ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള ഉപകരണമായ വിസിബിള്‍ ലൈൻ എമിഷൻ കൊറോണഗ്രാഫ് (VELC), സൂര്യന്‍റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍ എന്നിവയുടെ ചിത്രീകരണത്തിനുള്ള ഉപകരണമായ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT) എന്നിവയാണ് ഈ ഉപകരണങ്ങള്‍.
സൂര്യ രഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 സെപ്റ്റംബര്‍ രണ്ടിനാണ് വിജയകരമായി വിക്ഷേപിച്ചത്. ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് 1 പോയന്റിലേക്കുള്ള യാത്രയിലാണ് ആദിത്യ എല്‍1.
രണ്ട് തവണ ഭ്രമണപഥം ഉയര്‍ത്തിയ പേടകം നിലവില്‍ ഭൂമിയുടെ 282 കിലോമീറ്റര്‍ അടുത്തും 40225 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് വലംവെക്കുന്നത്.
സെപ്റ്റംബര്‍ 10ന് മൂന്നാംഘട്ട ഭ്രമണപഥ ഉയര്‍ത്തല്‍ നടക്കും. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് 1 പോയന്റില്‍ ജനുവരി ആദ്യം പേടകം എത്തും.