ഭോപ്പാൽ: സഹോദരി ലൈംഗിക പീഡനപരാതി നൽകിയതിന്റെ പേരിൽ ദളിത് യുവാവിനെ നൂറോളം പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട 18കാരന്റെ സഹോദരിയ്ക്കും മാതാവിനും മർദ്ദനമേറ്റു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവിനെ നഗ്നയാക്കിയതായും പരാതിയിൽ പറയുന്നു.
ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതിന് യുവാവിന്റെ സഹോദരി നാലുപേർക്കെതിരെ 2019ൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലാവുകയും ചെയ്തു. കേസ് നിലവിൽ കോടതിയിലാണ്. പരാതി പിൻവലിക്കാൻ ചിലർ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി യുവതി പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണം.
ആൾക്കൂട്ടം മകനെ ക്രൂരമായി മർദ്ദിച്ചുവെന്ന് മാതാവ് പറഞ്ഞു. മകന് രക്ഷപ്പെടാനായില്ല. തന്നെ നഗ്നയാക്കി. പൊലീസെത്തിയാണ് ഒരു ടവൽ തന്നതെന്നും സാരി നൽകുന്നതുവരെ ടവൽ ധരിച്ച് നിൽക്കേണ്ടി വന്നുവെന്നും അവർ പറഞ്ഞു. വീട് ആക്രമിച്ച് സാധനങ്ങൾ നശിപ്പിച്ചു. തുടർന്ന് ആൾക്കൂട്ടം തന്റെ മറ്റ് രണ്ട് മക്കളെ തേടിപോയെന്നും മാതാവ് പറഞ്ഞു. ആൾക്കൂട്ടം വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെയും മക്കളെയും ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട യുവാവിന്റെ ബന്ധു പറഞ്ഞു.
സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഒൻപത് പേർക്കെതിരെ കൊലക്കുറ്റം ചുമത്തും. മൂന്നുപേർക്കെതിരെ എസ് സി എസ് ടി ആക്‌ട് പ്രകാരമുള്ള കുറ്റം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശിൽ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും മായാവതിയുടെ ബി എസ് പിയും ഭരണകക്ഷിയായ ബി ജെ പിയെ വിമർശിച്ചു. ബി ജെ പി മദ്ധ്യപ്രദേശിനെ ദളിത് അതിക്രമങ്ങളുടെ പരീക്ഷണശാലയാക്കി മാറ്റിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.