കൈതോലപ്പായ വിവാദം വീണ്ടും; ഇക്കുറി പി.രാജീവും…

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോസിയേററ് എഡിററർ ജി.ശക്തിധരന്‍. ഇതു സംബന്ധിച്ച് അദ്ദേഹം വീണ്ടു ഫേസ്ബുക്കിൽ കുറിപ്പിട്ടു.

എറണാകുളം കലൂരിലെ ദേശാഭിമാനി ഓഫീസില്‍നിന്ന് 2.35 കോടി രൂപ രണ്ടുദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എകെജി സെന്ററില്‍ എത്തിച്ചത് വ്യവസായമന്ത്രി പി രാജീവാണെന്നും ശക്തിധരൻ പറയുന്നു.

നേരത്തെ താൻ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ശക്തിധരന്‍ ചോദിച്ചു. ‘നട്ടുച്ചയ്ക്ക് ഇരുട്ടോ’ എന്ന തലക്കെട്ടിലാണ് കുറിപ്പ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചി ദേശാഭിമാനി ഓഫീസില്‍വെച്ച് ഉന്നതനേതാവ് 2.35 കോടി രൂപ കൈപ്പറ്റിയതിനു ദൃക്സാക്ഷിയാണ് താനെന്ന് നേരത്തെ ശക്തിധരൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മുതല്‍ ടൈംസ്‌ക്വയര്‍വരെ പരിചിതനാണ് ഇദ്ദേഹമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

പണം രണ്ടുദിവസമെടുത്താണ് എണ്ണിത്തീര്‍ത്തതെന്നും രണ്ടു വലിയ കൈതോലപ്പായ വാങ്ങിക്കൊണ്ടുവന്ന് പണം അതില്‍ പൊതിഞ്ഞുകെട്ടി കാറിന്റെ ഡിക്കിയിലിട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നുമായിരുന്നു ആദ്യ വെളിപ്പെടുത്തൽ. ഈ കാറിലുണ്ടായിരുന്ന ഒരാള്‍ ഇന്ന് മന്ത്രിസഭയില്‍ അംഗമാണെന്നും ആരോപിച്ചിരുന്നു.

ഈ ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എം പി പരാതി നല്‍കുകയം ചെയ്തിരുന്നു. എന്നാല്‍, കേസില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഫേസ്ബുക്കില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്‍ പൊലീസിന് നല്‍കിയ മൊഴി.

ശക്തിധരന്റെ കുറിപ്പ് താഴെ ചേർക്കുന്നു :

നട്ടുച്ചയ്ക്ക് ഇരുട്ടോ?

സീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും ഞാന്‍ തുറന്ന് എഴുതിയിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയില്‍ തന്നെ ആയിരിക്കുമായിരുന്നു. അതില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോ ..

കോവളത്തെ ഗള്‍ഫാര്‍ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകള്‍ക്കുള്ളില്‍ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റ് രാത്രി പതിനൊന്നുമണിയോടെ എകെജി സെന്ററിലേ മുഖ്യ കവാടത്തിന് മുന്നില്‍ കാറില്‍ ഇറങ്ങിയത് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആണെന്ന് ഞാന്‍ എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല.

എന്തെന്നാല്‍ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകള്‍ വീണ തായ്ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നു. യഥാര്‍ത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറില്‍ അതിന്റെ തെളിവുകള്‍ ഉണ്ടെന്നും ഒരു ന്യായാധിപന്‍ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായിവിജയന്‍.

കരിമണലിന് പകരം എറണാകുളത്തെ മാലിന്യമല കച്ചവടവടമോ ഗോകുലം ഗോപാലന്റെ പങ്ക് കച്ചവടമോ ഫാരിസ് അബൂബക്കറും അതുപോലുള്ള വന്‍കിടക്കാര്‍ക്ക് ഇവരില്‍ ആരെങ്കിലുമായുള്ള ഗൂഢ ഇടപാടുകളോ പുറത്തു വന്നാലും ഒന്നും സംഭവിക്കാനില്ല..

എത്രയായാലും തനിക്ക് കോടി ആസ്തി വരാനിടയില്ല എന്നു സങ്കടത്തോടെ വീണാ തായ്ക്കണ്ടിയില്‍ പറഞ്ഞ ദിവസത്തെ ഗ്രാഫല്ല ഇന്നത്തേതെന്ന് വ്യക്തം.

2.35 കോടിരൂപ ഒരു രേഖയുമില്ലാതെ രാത്രി കടത്തിയതിനെക്കുറിച്ചു ഞാന്‍ എഴുതിയപ്പോള്‍ ആ പണം പൊതിഞ്ഞുവെച്ച കൈതോല പായ് ക്ക് അമിത പ്രാധാന്യം കണ്ടെത്തിയ മാധ്യമ പ്രതിഭകള്‍ക്കു നല്ലനമസ്‌ക്കാരം പറയാതിരിക്കാനാവില്ല.ഇത്രയും ഗൗരവതരമായ ഒരാരോപണം ഏതെങ്കിലും രാഷ്ട്രീയ നേതാവിനെക്കുറിച്ചു കേരളം കേട്ടിട്ടുണ്ടോ? ആ ദശലക്ഷങ്ങള്‍ ആവിയാക്കി കളഞ്ഞു

അതിലെ പായയെ മാത്രം ഊരിയെടുത്ത് നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ ആഘോഷത്തിന് മാധ്യമ രംഗത്തെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹര്‍ തന്നെ. 2 .35 കോടി രൂപക്ക് ഒരുവില യുമില്ല. മൂല്യം മുഴുവന്‍ കൈതോലപ്പായ്ക്ക്. ഓക്‌സ്‌ഫോര്‍ഡിലെയും കേംബ്രിഡ്ജിലെയും മാധ്യമപരിശീലന സ്ഥാപന ങ്ങളില്‍ നിന്ന് മലയാളി വിദഗ്ധര്‍ ഒന്നും ഇറങ്ങുന്നില്ലേ? അതോ ചെങ്കല്‍ച്ചൂളയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ തലസ്ഥാനം?

അതിലേറെ കിടിലന്‍ മാധ്യമ അവലോകനങ്ങള്‍ കാണാനിടയായി. എന്റെ വാര്‍ത്തയില്‍ ആരുടേയും പേര് പറഞ്ഞില്ലത്രേ .ഇതെന്ത് പത്രപ്രവര്‍ത്തനം എന്നാണ് ചോദ്യം. .ഞാന്‍ പേരുകള്‍ അണ്ണാക്കില്‍ കൊണ്ട് വെച്ച് കൊടുത്തിരുന്നെങ്കില്‍ ഉപ്പുതൊടാതെ വിഴുങ്ങുമായിരുന്നോ? അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റന്റെയും മൊണിക്ക ലെവിന്‍സ്‌കിയുടെയും അവിശുദ്ധ ബന്ധം ചിത്രീകരിച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഒന്ന് കണ്ണോടിച്ചു നോക്ക് എന്നിട്ട് .ഒരു നല്ല പത്രപ്രവര്‍ത്തകന്‍ ആകൂ.ലെവിന്‍സ്‌കിയുടെ അടിവസ്ത്രം വരെ യുള്ള വര്‍ണ്ണനയുടെ ധ്വനികള്‍ വായിച്ചവരില്‍ ആരുമില്ലേ?

സാമ്പത്തിക കുറ്റാന്വേഷണ വാര്‍ത്തകളിലെ ഫിക്ഷന്‍ ആദ്യം വായിച്ചുപഠിക്കണം. .എന്നിട്ട് ആസ്വാദിക്കണം.മാധ്യമ പടുക്കളേ.!

ലോകപ്രശസ്തമായ കമ്മ്യുണിസ്റ്റ് വിരുദ്ധ നോവലായ ‘ നട്ടുച്ചക്ക് ഇരുട്ട്’ എഴുതിയ ആര്‍തര്‍ കൊയ്ത്സറില്‍ ‘നമ്പര്‍ വണ്‍’ എന്ന് കാണുന്നിടത്തെല്ലാം സ്റ്റാലിനെയാണ് ദ്യോതിപ്പിക്കുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത് . .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ പട്ടികയില്‍ ഈ പുസ്തകം എട്ടാം സ്ഥാനത്താണ്. കോസ്റ്റലര്‍ പേരിടാത്ത സ്റ്റാലിന്റെ കാലത്തെ ജയിലാണ് ഒരു കഥാപാത്രം.

ഭയാനകമായ ഏകാധിപതിയുടെ വിവരണം അനുപമാണ് .സൈനിക മേധാവികള്‍ പ്രേയസിമാര്‍ക്ക് കൈമാറുന്ന കത്തുകളില്‍ പോലും ‘നട്ടുച്ചയ്ക്ക് ഇരുട്ട്’ കടന്നു കയറിവന്ന് കൈമാറേണ്ട ആശയം പൂര്‍ത്തീകരിക്കപ്പെടുന്നു. എന്തെന്ത് പ്രഹേളികകള്‍ നോവലില്‍ അങ്ങിങ്ങായി കിടക്കുന്നു.

ഞാന്‍ ആ പോസ്റ്റില്‍ ലക്ഷ്യം വെച്ച തെല്ലാം സഫലമാക്കിയത് അതിലെ വായനക്കാരാണ്.ആരാണ് അനധികൃത പിരിവ് നടത്തിയതെന്ന് വിളിച്ചുപറഞ്ഞത് വായനക്കാര്‍ തന്നെയാണ്, അതിനപ്പുറം ഞാന്‍ എന്ത് ചെയ്യണമായിരുന്നു, രാത്രിയിലെന്നപോലെ ഉച്ചവെയിലിലും സത്യം കാണാതെ തപ്പിത്തടയുന്ന വരെ ആര്‍ക്കും സഹായിക്കാനാകില്ല. അവരെ നയിക്കുന്നത് എം.വി. ഗോവിന്ദന്മാരാണ്.അവര്‍ പകല്‍ രാത്രിയിലെന്നപോലെ ഇരുട്ടിനെ തപ്പുന്നവരാണ്.

കേരളത്തിന്റെ വിപ്ലവ സംസ്‌കാരം അതിന്റെ പടുതിരി കത്തിച്ചു കൊണ്ടിരിക്കുകയാണ്.ആ വിപ്ലവ സംസ്‌കാരത്തിന്റെ ഉദയത്തിന്റെ നേരിയ അരുണിമ പോലും ഇപ്പോള്‍ കാണാനില്ല. ഈ ഘട്ടത്തിലും.

സിപിഎമ്മിന്റെ വിജയം ഗോവിന്ദന്‍ സഖാവ് പ്രവചിക്കണമെങ്കില്‍ ഉച്ചക്കിറുക്ക് ആവാനേ വഴിയുള്ളൂ. പിണറായിവിജയന്‍ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണ് പിണറായിസത്തിന്റെ മഹത്വം. ഇത്രയൊക്കെ കണ്ടിട്ടും ഒന്നും സംഭവിക്കില്ലെന്ന് പറയണമെങ്കില്‍ ഉച്ചക്കിറുക്ക് പിടിപെട്ടവനായിരിക്കും.

ഫാസിസ്റ്റ് വാഴ്ചകള്‍ ഭൂമുഖത്ത് എങ്ങിനെ ഉദയം ചെയ്തു എന്നത് ലോകത്ത് നേരില്‍ കണ്ട പ്രസ്ഥാനം കമ്മ്യുണിസ്റ്റുകാരുടേതാണ്.കമ്മ്യുണിസ്റ്റുകാര്‍ക്ക് കാലുകുത്താന്‍ ഒരു പിടിമണ്ണുപോലും അവശേഷിക്കരുതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ജനത അതിന്റെ ആക്രമണം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വരെ എത്തിക്കഴിഞ്ഞു . ഇനി അത് ധൂളിയാകാന്‍ എത്ര സമയം വേണ്ടിവരുമെന്നേ സംശയമുള്ളൂ. കമ്മ്യുണിസത്തിന് തകരണമെങ്കില്‍ അതിന് പോന്ന എതിര്‍ ശക്തി ഉയര്‍ന്നുവരണം.അതാണ് ബംഗാളില്‍ സംഭവിച്ചത്. കേരളത്തില്‍ അല്‍പ്പം കൂടി സമയമെടുക്കുന്നു എന്നേയുള്ളൂ..