കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് എതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ്റെ കുടുംബവീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗം സർവേ നടത്തും.
കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടന് നോട്ടീസ് നൽകിയിട്ടുണ്ട്.
മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് രാഷ്ട്രീയ വിഷയമായി സിപിഎം ഉയർത്തിക്കൊണ്ട് വരുന്നതിനിടെയാണ് റവന്യൂ വകുപ്പിൻ്റെ ഈ അന്വേഷണം വരുന്നത്.
കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.
പി ഡബ്ലിയു ഡി ക്ക് റോഡ് നിർമ്മിക്കാൻ കോതമംഗലത്തെ കുടുംബവീടിനോട് ചേർന്ന സ്ഥലം വിട്ടുകൊടുത്തിരുന്നുവെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. ഈ റോഡ് നിർമ്മിച്ച ശേഷം തന്റെ വീട് ഒരു കുന്നിൻ മുകളിൽ എന്ന പോലെയായി. അവിടേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയുമായിരുന്നില്ല. അവിടേക്ക് റോഡ് വെട്ടിയിരുന്നു. അതിനെതിരെയാണ് പരാതിയുമായി ചിലർ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.