തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍ എസ് എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിച്ചേക്കും. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.
നാമജപ യാത്ര നടത്തിയതില്‍ എന്‍.എസ്.എസിന് ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കാന്‍ പൊലീസ് അപേക്ഷ നല്‍കുക. ഇക്കാര്യത്തില്‍ നിയമോപദേശം തേടാനും തീരുമാനിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം.
കേസ് റദ്ദാക്കാന്‍ എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍, കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞിരിക്കുകയാണ്. സംഗീത് കുമാര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആയിരത്തോളം എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ‘ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് രണ്ടിന് വൈകിട്ട് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ നാമജപയാത്രയ്‌ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, ശബ്ദശല്യമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.