തിരുവനന്തപുരം : സി പി എം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു.
അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തു വന്നത്.
2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു.
അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. ഷാജി, ലാന്‍ഡ് ബോർഡിനു കൂടുതൽ തെളിവുകൾ കൈമാറി. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് ഇതിൽ ഉൾപ്പെടുന്നത്.
നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ ഇവർ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19 ഏക്കർ ഭൂമി അധികമുള്ളതായി കണ്ടെത്തിയത്.
പി.വി. അൻവർ, ഒന്നാംഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്സത്ത് അൻവർ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് നോട്ടിസ്. ഓഗസ്റ്റ് 25നാണ് കേസിന്റെ അടുത്ത സിറ്റിങ്. നേരത്തെ ഓഗസ്റ്റ് 10നകം എല്ലാ തെളിവുകളും ഹാജരാക്കാൻ ബോർഡ് നിർദേശിച്ചിരുന്നെങ്കിലും, അൻവർ രേഖകൾ ഹാജരാക്കിയിരുന്നില്ല.