ബംഗളൂരു: ചന്ദ്രനെ അടുത്തറിയാനുള്ള ദൗത്യമായ ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിലേയ്ക്ക് ഒന്നുകൂടി അടുത്തു. ചന്ദ്രയാന്‍ പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐഎസ്ആര്‍ഒ (ഇസ്‌റോ) അറിയിച്ചു. .
ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കും. തുടര്‍ന്ന് 17ന് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും.
23ന് വൈകീട്ടാണ് സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.
സെന്‍സറുകളും എന്‍ജിനുകളും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കിലും ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള പദ്ധതിയുണ്ടെന്ന് ഇസ്‌റോ ചെയര്‍മാന്‍ എസ് സോമനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തകരാര്‍ സംഭവിച്ചാലും അതിനെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലാണ് ലാന്‍ഡര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടുന്ന പേടകം സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ (മണിക്കൂറില്‍ 6048 കിലോമീറ്റര്‍) വേഗത്തിലാണ് സഞ്ചരിക്കുക. ഘട്ടംഘട്ടമായി വേഗം കുറച്ച് സെക്കന്‍ഡില്‍ മൂന്ന് മീറ്റര്‍ വേഗത്തിലാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുക.
ചന്ദ്രനിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവറില്‍ രണ്ട് പേലോഡുണ്ട്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമായ ലിബിസ് (ചന്ദ്രനിലെ മൂലക സാന്നിധ്യക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ക്‌സ് എന്നിവയാണവ.
ജീവസാന്നിധ്യമുള്ള ഗ്രഹങ്ങളെ വിദൂരത്തില്‍നിന്ന് നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ഷെയ്പ് എന്ന ഉപകരണം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുമുണ്ട്. ഇത് ഭൂമിയെ ദീര്‍ഘകാലം നിരീക്ഷിക്കും. മനുഷ്യവാസയോഗ്യമായ ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടോ എന്ന് തിരയുകയാണ് ഷെയ്പിന്റെ ജോലി.
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കൂടുതല്‍ തിരിച്ചറിയാനും ഷെയ്പ്പ് സഹായിക്കും. ഇത് ഉള്‍പ്പെടെ ആകെ ഏഴ് പേലോഡുകളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിലുള്ളത്.