തിരുവനന്തപുരം: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടര്‍വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ വേണമെന്നാണ് ശുപാര്‍ശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കേരളമൊട്ടാകെ ക്യാമറകള്‍ സ്ഥാപിച്ചതിലെ ആരോപണങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാര്‍ശ. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ മനസിലാക്കി വാഹന യാത്രക്കാര്‍ ആ ഭാഗത്തെത്തിയാല്‍ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്.
ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടക്കാനാണ് പുതിയ സംവിധാനം. ഒരു ജില്ലയില്‍ 10 ഡ്രോണെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ. ഡ്രോണില്‍ ഘടിപ്പിച്ച ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘനങ്ങള്‍ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 232 കോടി മുടക്കിയാണ് നിലവില്‍ റോഡ് നീളെ ക്യാമറകള്‍ സ്ഥാപിച്ചിട്ടിുള്ളത്. കരാര്‍ കോടതിയുടെ പരിഗണനയിലാണ്. സ്ഥാപിച്ച 726 ല്‍ 692 എണ്ണം മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. എന്നാല്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളില്‍ നിയമലംഘങ്ങള്‍ക്ക് കുറവുണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ ക്യാമറകള്‍ കൂടുതല്‍ സ്ഥാപിക്കാനുള്ള തീരുമാനിത്തില്‍ നിന്നും പിന്നോട്ടുപോകേണ്ടന്ന നിലപാടിലാണ് പുതിയ ശുപാര്‍ശ.