മോസ്‌കോ: സംഘങ്ങളായെത്തുന്ന ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസയില്ലാതെ പരസ്പരം പ്രവേശനം നല്‍കാനുള്ള ആലോചനയില്‍ ഇന്ത്യയും റഷ്യയും. റഷ്യയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ച നടക്കുന്നതായി റഷ്യന്‍ സാമ്പത്തിക വികസന മന്ത്രി മാക്‌സിം റെഷെത്‌നിക്കോവ് പറഞ്ഞു.
കൊവിഡിന്റെയും യുക്രെയിന്‍ അധിനിവേശത്തിന്റെയും പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളിലുണ്ടായ ഇടിവ് നികത്തുകയാണ് റഷ്യയുടെ ലക്ഷ്യം. ഒരൊറ്റ യാത്രാ പദ്ധതിക്ക് കീഴില്‍ സഞ്ചരിക്കുന്ന കുറഞ്ഞത് അഞ്ച് പേരടങ്ങുന്ന സംഘങ്ങള്‍ക്കായിരിക്കും വിസാരഹിത പ്രവേശനം സാദ്ധ്യതമാക്കുക. ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുമായും റഷ്യ സമാന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഈ മാസം ആദ്യം മുതല്‍ റഷ്യ ഇ – വിസ സേവനം ആരംഭിച്ചിരുന്നു.