സതീഷ് കുമാര്‍ വിശാഖപട്ടണം
85 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1938 ജനവരി 19 -ന് മലയാളക്കരയില്‍ ഒരു മഹാത്ഭുതം അരങ്ങേറുന്നു. കൊച്ചിയില്‍ പനമ്പും ഓലയും തുണിയും കൊണ്ട് മറച്ചു കെട്ടിയ സെലക്ട് എന്ന സിനിമാ ടാക്കീസിനുള്ളിലെ വലിച്ചുകെട്ടിയ വെള്ളത്തുണിയില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ സംസാരിക്കാനും പാട്ടുപാടാനുമൊക്കെ തുടങ്ങിയത് അന്നുമുതലാണ്.
വെള്ളത്തുണിക്ക് പുറകിലിരുന്നു സംസാരിക്കുന്നത് ആരാണെന്നറിയാനുള്ള ആകാംക്ഷയില്‍ പലരും വെള്ളിത്തിരയ്ക്ക് പുറകിലേക്കു പോയി ഒളിഞ്ഞുനോക്കിയിരുന്നുവത്രെ!
കേരള സംസ്ഥാനം രൂപവത്ക്കരിക്കപ്പെടുന്നതിനു മുന്‍പേ ‘ബാലന്‍’എന്ന ആദ്യ ശബ്ദചിത്രത്തിലൂടെ മലയാളക്കരയില്‍ ഒരു പുതിയ യുഗപ്പിറവിക്ക് ആരംഭം കുറിച്ചപ്പോള്‍ അതിന്റെ അമരക്കാരനായി നിന്നത് മലയാളത്തിലെ ആദ്യ തിരക്കഥാകൃത്തും ആദ്യ ഗാനരചയിതാവുമായ മുതുകുളം രാഘവന്‍ പിള്ളയായിരുന്നു. നാഗര്‍കോവില്‍ സ്വദേശിയായ എ സുന്ദരത്തിന്റെ ‘വിധിയും മിസ്സിസ് നായരും’ എന്ന കഥയാണ് മുതുകുളം രാഘവന്‍ പിള്ള സിനിമക്കുവേണ്ടി തിരുത്തിയെഴുതി ‘ബാലന്‍ ‘ എന്ന പേരില്‍ പുറത്തിറങ്ങിയത്.
നാടക രചനയും നാടകത്തില്‍ പാട്ടുകളുമൊക്കെ എഴുതിയിരുന്ന ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് ജനിച്ച രാഘവന്‍പിള്ള പഴയ ഏഴാം ക്ലാസ് പാസ്സായതിന്റെ ഗരിമയുമായിട്ടാണ് കലാരംഗത്തേക്കുള്ള പ്രവേശം.. തമിഴ് സംഗീത നാടകങ്ങളുടെ പാരമ്പര്യം പിന്തുടര്‍ന്നെത്തിയ മലയാളത്തിലെ ആദ്യശബ്ദ ചിത്രത്തിലും സംഭാഷണത്തേക്കാള്‍ പാട്ടുകള്‍ക്കായിരുന്നു പ്രാമുഖ്യം. സത്യത്തില്‍ തിരക്കഥയെഴുതാനാണ് രാഘവന്‍പിള്ള എത്തിയതെങ്കിലും പാട്ടുകളെഴുതാന്‍ മറ്റാരേയും കിട്ടാത്തതിന്റെ പേരില്‍ ചിത്രത്തിലെ 23 ഗാനങ്ങളുമെഴുതാന്‍ മുതുകുളം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
ഒരുപക്ഷേ, ഒരു ചിത്രത്തില്‍ ഏറ്റവുമധികം പാട്ടുകള്‍ എഴുതിയ മലയാളത്തിലെ ഗാനരചയിതാവ് എന്ന ബഹുമതിയും മുതുകുളത്തിനു സ്വന്തമായിരിക്കുമെന്ന് തോന്നുന്നു. തമിഴ് പാട്ടുകളുടേയും ഹിന്ദി പാട്ടുകളുടേയും ഈണങ്ങള്‍ക്കൊപ്പിച്ച് എഴുതേണ്ടി വന്ന ഈ ഗാനങ്ങള്‍ക്ക് വലിയ സാഹിത്യ ഗുണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പൂര്‍വ്വ മാതൃകകള്‍ ഒന്നുമില്ലാതെ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടു കൊണ്ട് 23 ഗാനങ്ങള്‍ എഴുതിയ മുതുകുളത്തെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ?
‘ആഘോഷങ്ങളെന്തു ചൊല്ലാം ദിവ്യമാകും ഈ ദിനത്തില്‍ ഓണം ….തിരുവോണം …..’
എന്ന മലയാളത്തിലെ ആദ്യത്തെ ഓണപ്പാട്ടും
‘ശ്രീ വാസുദേവ പരനേ ഗോകുലപാലക
ശോകവിനാശക
കമലാപതിഭവ സാഗരഹാരി
മാധവ ഭാവുകദായക ദേവാ നിരന്തരം പദം തവ ഗതിമമ …..’
എന്ന ആദ്യത്തെ ഭക്തിഗാനവും ആദ്യത്തെ വഞ്ചിപ്പാട്ടുമൊക്ക എഴുതിയത് മുതുകുളം രാഘവന്‍ പിള്ളയാണെന്നാണ് പ്രശസ്ത ഗാനനിരൂപകനായ ടി പി ശാസ്തമംഗലം ചൂണ്ടിക്കാണിക്കുന്നത്.
കഥാകൃത്തും ഗാനരചയിതാവും മാത്രമല്ല കാവ്യമേള, ഓടയില്‍ നിന്ന് ,രാരിച്ചന്‍ എന്ന പൗരന്‍ , സ്ഥാനാര്‍ത്ഥി സാറാമ്മ ,വാഴ് വേ മായം തുടങ്ങി മലയാളത്തിലെ നൂറോളം ആദ്യകാല ചിത്രങ്ങളില്‍ അഭിനയിച്ച പ്രശസ്ത നടന്‍ കൂടിയാണ് മുതുകുളം രാഘവന്‍പിള്ള. കലാലോകത്ത് വളരെ ആദരവോടെ ജീവിച്ച ഇദ്ദേഹം കടുത്ത ദാരിദ്ര്യം അനുഭവിച്ചു കൊണ്ടാണത്രെ അന്ത്യനാളുകള്‍ തള്ളിനീക്കിയത്.. നമുക്ക് പാടി നടക്കാന്‍ ഹിറ്റുകള്‍ ഒന്നും നല്‍കിയില്ലെങ്കിലും ഇന്ന് കോടികളുടെ വന്‍ വ്യവസായ ഭൂമികയായ ചലച്ചിത്രഗാനശാഖക്ക് അടിത്തറ പാകിയ മലയാളത്തിലെ ആദ്യത്തെ ഗാനരചയിതാവ് എന്ന ഖ്യാതി മുതുകുളം രാഘവന്‍ പിള്ളക്ക് തന്നെയാണ്. 1978 ഓഗസ്റ്റ് 8ന് അന്തരിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മദിനമാണിന്ന്.
പ്രണാമം.
(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )