സാധ്യതകള്‍ തുറന്നിട്ട് പവാര്‍

കെ. ഗോപാലകൃഷ്ണന്‍

ശരദ് ഗോവിന്ദറാവു പവാറിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായൊരു സ്ഥാനമാണുള്ളത്, അതുല്യപദവിയെന്ന് അതിനെ വിശേഷിപ്പിക്കാനാണ് ചിലരുടെ താത്പര്യം. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ചരിത്രം പരിശോധിച്ചും ഭാവിസാധ്യത കണക്കുകൂട്ടിയും രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങള്‍ വിലയിരുത്തിയും മാത്രമാണ് സാധാരണയായി അദ്ദേഹം തീരുമാനങ്ങളെടുക്കുക.

മുന്നിലുള്ള വെല്ലുവിളികളില്‍നിന്ന് എത്രമാത്രം നേട്ടം കൊയ്യാമെന്ന വിലയിരുത്തലിനുശേഷമായിരിക്കും അന്തിമതീരുമാനമെന്നു ചിലര്‍ പറയുന്നു. തീരുമാനമെന്തായാലും രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മ ഒരു ഘടകമായി സാധാരണനിലയില്‍ അദ്ദേഹം പരിഗണിക്കാറേയില്ല. എല്ലാവരെയും ഒരുമിപ്പിച്ച് അഭിപ്രായസമന്വയത്തോടെ കൊണ്ടുപോകുക എന്നതാണ് സാധ്യതയുടെ കലയായ രാഷ്ട്രീയത്തില്‍ മികച്ച പ്രകടനത്തിനു പവാറിനെ പ്രാപ്തനാക്കുന്നത്.

ഉദാഹരണത്തിന് 1978ലെ കാര്യമെടുക്കാം. ദേശീയ രാഷ്ട്രീയഭൂമികയില്‍ ആശയക്കുഴപ്പവും അവസരവും ഒരുപോലെ രൂപപ്പെട്ടപ്പോള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ദേശീയതലത്തില്‍ ശ്രദ്ധേയനുമായ വൈ.ബി. ചവാന്റെ പ്രിയശിഷ്യനായ ശരദ് പവാര്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) നേതാവ് വസന്ത്ദാദാ പാട്ടീല്‍ നേതൃത്വം നല്‍കിയിരുന്ന മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്നു വിഘടിക്കുകയും ജനതാപാര്‍ട്ടിക്കും പിഡബ്ല്യുപിക്കുമൊപ്പം ചേര്‍ന്ന് പുരോഗമന ജനാധിപത്യ മുന്നണിക്കു (പിഡിഎഫ്) തുടക്കം കുറിക്കുകയും ചെയ്തു.

പുരോഗമി ലോക്സാക്ഷി അഗാഡി എന്ന പേരിലറിയപ്പെട്ടിരുന്ന മുന്നണി 1978 ജൂലൈ 18ന് അധികാരത്തിലെത്തി. ഭാരതീയ ജനസംഘംകൂടി ഉള്‍പ്പെടുന്ന ജനതാപാര്‍ട്ടിക്കൊപ്പം മുന്നണി രൂപീകരിച്ചത് അന്ന് വിമര്‍ശനവിധേയമായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ മാറ്റം അനിവാര്യമാണെന്നാണു കാലം ആവശ്യപ്പെടുന്നതെന്ന നിലപാടില്‍ തീരുമാനവുമായി പവാര്‍ മുന്നോട്ടുപോയി.

 

 

 

 

 

 

 

രണ്ടുവര്‍ഷത്തിനുശേഷം ഇന്ദിരാഗാന്ധി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചുവന്നതോടെ, 1980 ജൂലൈ 18ന് സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തും പുറത്തുമായി പവാര്‍ തുടര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍ സോണിയഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ അദ്ദേഹം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) രൂപീകരിക്കുംവരെ അതു തുടര്‍ന്നു. എങ്കിലും പി.വി. നരസിംഹറാവു സര്‍ക്കാരില്‍ പ്രതിരോധമന്ത്രി പദവിയും ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കൃഷിമന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹത്തിനു ലഭിച്ചു.

ഡല്‍ഹിയില്‍ അധികാരം മാറിക്കൊണ്ടിരിക്കുന്‌പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം തുടരുകയാണ്. രാഷ്ട്രീയനിലപാടുകളെ എതിര്‍ക്കുമ്പോഴും നേതാക്കളുമായി സൗഹൃദം തുടരുന്നതിനാലാണിത്. വിയോജിക്കുമ്പോഴും നയചാരുത പ്രകടിപ്പിക്കുന്നൊരു നേതാവ്.

മോദിയും പവാറും

പ്രശസ്തമായ ബാലഗംഗാധര്‍ തിലക് പുരസ്‌കാര ജേതാവായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അദ്ദേഹം പൊതുവേദി പങ്കിട്ടതിലും അസാധാരണമായതൊന്നുമില്ല. പുതുതായി രൂപം കൊണ്ടുവരുന്ന ‘ഇന്ത്യ’ മുന്നണിയിലെ നേതാക്കള്‍ക്ക് വേദിയില്‍ പവാര്‍ എത്തിയതില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മോദിജിയുമായി രാഷ്ട്രീയമായി ആശയഭിന്നതയുണ്ടെങ്കിലും മടിയേതുമില്ലാതെ പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുത്ത് പവാര്‍ വേറിട്ട നിലപാട് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയും അവസരത്തിനൊത്തുയര്‍ന്നു.

ആയിരക്കണക്കിനു പേര്‍ താത്പര്യപൂര്‍വം ശ്രദ്ധിക്കുന്‌പോള്‍ പവാറുമായി സൗഹൃദസംഭാഷണത്തിനു മോദി തയാറായി. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്നു ബ്രട്ടീഷുകാരുടെ മുഖത്തു നോക്കി വിളിച്ചുപറഞ്ഞ തിലകിനെക്കുറിച്ചുള്ള മറ്റു പ്രസംഗകരുടെ നിലപാടുകള്‍ ഏറെ താത്പര്യത്തോടെ കേട്ട് മറ്റൊരു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കൊപ്പം പവാര്‍ വേദിയില്‍ തുടര്‍ന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നല്‍കിയ സംഭാവനകളെക്കുറിച്ചും ചിലര്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്തതിന് ഒരുപക്ഷേ പവാറിന് അദ്ദേഹത്തിന്റേതായ വിശദീകരണമുണ്ടാകാം. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മോദിജിയോട് ആവശ്യപ്പെടണമെന്നും വേദിയില്‍ ഉണ്ടാകണമെന്നും തിലക് ട്രസ്റ്റ് ഭാരവാഹികള്‍, പ്രത്യേകിച്ചും ട്രസ്റ്റിന്റെ തലപ്പത്തുള്ള തിലകിന്റെ കൊച്ചുമകന്‍ പവാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍ മറുത്തൊരു നിലപാട് അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. വലിയൊരു നേതാവായ തിലക്ജിയുമായി ബന്ധപ്പെട്ട പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ജനവികാരം എതിരാക്കുമെന്നും പവാറിന് അറിയാം.

രാഷ്ട്രീയമായി എതിര്‍പ്പും നിലവിലുള്ള സാഹചര്യവും മാത്രം പരിഗണിച്ച് പവാറിനും ഷിന്‍ഡെയ്ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ലായിരുന്നു. വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും സജീവരാഷ്ട്രീയത്തില്‍ ഇപ്പോഴും തുടരുന്ന പവാര്‍ മുന്നോട്ടുതന്നെയാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കു നിശ്ചയമായും വാദിക്കാം.

അതേസമയം എന്‍സിപിയുടെ ഒരുവിഭാഗത്തെ അടര്‍ത്തിമാറ്റുകയും മഹാരാഷ്ട്രയിലെ ആഘാഡി സര്‍ക്കാരിനെ ഛിന്നഭിന്നമാക്കുകയും ചെയ്ത പ്രധാനമന്ത്രിക്കു പവാര്‍ ഏറെ ബഹുമാനവും പ്രശംസയും നല്‍കിയെന്ന് രാഷ്ട്രീയം മാത്രം പരിഗണിക്കുന്നവര്‍ പറയും. പവാറിന്റെ ലക്ഷ്യങ്ങളിലും താത്പര്യങ്ങളും സംശയങ്ങള്‍ രൂപപ്പെടുന്നതും ഇതുവഴിയാണ്.

എന്‍ഡിഎയുമായി നല്ല ബന്ധം

ബിജെപി ബന്ധത്തിന് എഴുപതുകളുടെ അവസാനവും പവാര്‍ ഒരുതരത്തിലുള്ള മടിയും പ്രകടിപ്പിച്ചിരുന്നില്ല. എന്‍ഡിഎയിലെ നിരവധി നേതാക്കളുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ അധികാരം നിലനിര്‍ത്തുന്ന പക്ഷം അവര്‍ക്കൊപ്പം സഹകരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഒരവസരം പവാര്‍ തേടുകയാണോ?. അതല്ല എങ്കില്‍ ‘ഇന്ത്യ’ മുന്നണി ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ മകള്‍ സുപ്രിയയ്ക്കു സുരക്ഷിതമായൊരു ലാവണം തേടുകയാണോ അദ്ദേഹം?

അധികാരം ഏതൊരാളുടെയും മനസ് മാറ്റും എന്നതിനാല്‍ ഇക്കാര്യത്തില്‍ ആര്‍ക്കും ഒരുതരത്തിലുള്ള ഉറപ്പുമില്ല. അവസരത്തിനുവേണ്ടി കാത്തിരിക്കാന്‍ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും പവാര്‍ പ്രകടിപ്പിക്കാറില്ല. രാഷ്ട്രീയത്തില്‍ കുളിര്‍തെന്നല്‍പോലും കൊടുങ്കാറ്റായി മാറുമെന്നും ഒട്ടേറെ സമവാക്യങ്ങളെ അതു തകിടംമറിച്ചേക്കുമെന്നും അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ട്.

ഇപ്പോഴത്തെ കാലാവസ്ഥയില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയും കേവല ഭൂരിപക്ഷം നേടാനുള്ള സാധ്യതയില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ‘പശ’ ആയി അധികാരം മാറുന്നത് ഈ സാഹചര്യത്തിലാണ്. എതിരാളികള്‍പോലും ഒരുപക്ഷേ ഒരുമിച്ചേക്കാം. ഇത്തരത്തില്‍ മാറിമാറിവരുന്ന ചുറ്റുപാടുകളാണ് തന്റെ സാധ്യതകള്‍ പരസ്യപ്പെടുത്താന്‍ പവാറിനെ പ്രേരിപ്പിക്കുന്നത്. പരിണതപ്രജ്ഞനായൊരു നേതാവെന്ന നിലയില്‍ ഉചിതസമയത്ത് അദ്ദേഹത്തിന് തീരുമാനമെടുക്കാം. എല്ലായിടത്തും അനിശ്ചിതത്വം തുടരുകയാണ്. ഹിന്ദിഹൃദയഭൂമിയിലെ ജനവികാരത്തിന്റെ സൂചന വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ ലഭ്യമാകൂ.

ജാഗ്രതയോടെ കരുക്കള്‍ നീക്കി പവാര്‍ തുടര്‍ന്നാല്‍ ദേശീയരാഷ്ട്രീയത്തില്‍ മുഴുവന്‍ അതിന്റെ പ്രതികരണങ്ങളുണ്ടാകും. കുശാഗ്രബുദ്ധിയും ജാഗ്രതയും കൈമുതലായ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഏറെ ശ്രദ്ധയോടെയായിരിക്കും. കൂടുതല്‍ ചികഞ്ഞ് കണ്ടെത്തുക ദുഷ്‌കരമാണ്. സാവധാനം സുരക്ഷിതമായി മുന്നോട്ടുപോയാല്‍ വിജയം ഉറപ്പാണെന്ന് മുതിര്‍ന്ന നേതാവായ അദ്ദേഹം കരുതുന്നു. നിശബ്ദനായി സൗമ്യനായി തുടരുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട നിലപാടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

 

കടപ്പാട് : ദീപിക


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണന്‍,
മാതൃഭൂമി പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു)

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക