രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ 2024 സാമ്പത്തിക വർഷത്തിലെ ഒന്നാംപാദ പ്രവർത്തനഫലം പ്രഖ്യാപിച്ചു. ഏപ്രിൽ-ജൂൺ പാദത്തിൽ ബാങ്കിന്റെ അറ്റാദായത്തിൽ 178 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സമാന പാദത്തിലെ 6068.08 കോടി രൂപയിൽനിന്ന് ഈവർഷം 16884.29 കോടിയായി കുത്തനെ ഉയർന്നു. ജനുവരി- മാർച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1.13 ശതമാനമാണ് വർദ്ധന. പ്രതീക്ഷകൾക്കപ്പുറമാണ് ബാങ്കിന്റെ അറ്റാദായത്തിലെ വളർച്ച.
അറ്റ പലിശ വരുമാനം കഴിഞ്ഞ വർഷത്തെ 31197 കോടി രൂപയിൽനിന്ന് 24.7 ശതമാനം വർദ്ധിച്ച് 38904 കോടി രൂപയിലെത്തി. നെറ്റ് ഇന്ററസ്റ്റ് മാർജിൻ (എൻ.ഐ.എം) 3.47 ശതമാനമായി ഉയർന്നു. മാർച്ചിലവസാനിച്ച പാദത്തിൽ ഇത് 3.84 ശതമാനമായിരുന്നു.
മൊത്തം നിഷ്ക്രിയ ആസ്തി 3.91 ശതമാനത്തിൽനിന്ന് 2.76 ശതമാനമാകുകയും ചെയ്തു. നികുതിക്കുശേഷമുള്ള ലാഭം 13,760 കോടി രൂപ മുതൽ 16,340 കോടി രൂപവരെയാകുമെന്നായിരുന്നു വിലയിരുത്തൽ. പ്രവർത്തന ലാഭമാകട്ടെ 12,753 കോടി രൂപയിൽനിന്ന് 25,297 കോടിയുമായി. 98.37 ശതമാനമാണ് വർദ്ധന.
ജൂണിൽ അവസാനിച്ച പാദത്തിലെ കണക്കു പ്രകാരം 33.03 ലക്ഷം കോടി രൂപയാണ് ബാങ്ക് വായ്പയായി നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ 29 ലക്ഷം കോടി രൂപയിൽനിന്ന് 14 ശതമാനമാണ് ഈയിനത്തിലെ വർദ്ധന. മികച്ച പ്രവർത്തനഫല പ്രതീക്ഷയിൽ എസ്.ബി.ഐ ഓഹരികൾ മെച്ചപ്പെട്ടാണ് തുടങ്ങിയതെങ്കിലും മൂന്നു ശതമാനത്തോളം താഴ്ന്ന് 573 രൂപയിലാണ് ക്ലോസ് ചെയ്തത്.