കര്‍ണാടകയിലെ ചാണക്യന്‍ സുനില്‍ കനുഗോലു കേരളത്തിലേക്ക്

ബംഗലുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഭരണത്തിലേക്ക് നയിക്കാന്‍ തന്ത്രമൊരുക്കിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കേരളത്തിലേക്ക്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കനുഗോലുവിനെ കേരളത്തില്‍ രംഗത്തിറക്കാന്‍ രാഹുല്‍ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെയും നേതൃത്വത്തിലുള്ള യോഗത്തില്‍ ആയിരുന്നു തീരുമാനം.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കനിഗോലുവിന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എംപിമാരുടെ പ്രവര്‍ത്തനം അടക്കം വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയോടൊപ്പമായിരുന്ന കനുഗോലു ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കനുഗോലുവായിരുന്നു ഭാരത്ജോഡോ യാത്രയ്ക്ക് പിന്നിലും.
ബിജെപിയ്ക്ക് പിന്നാലെ എ ഡിഎംകെ, അകാലിദള്‍ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച കനുഗോലുവാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണം ഏകോപിപ്പിച്ചത്.

2014 ല്‍ ബിജെപിയ്ക്കൊപ്പമായിരുന്നു കനുഗോലു പിന്നാലെ 2016 ല്‍ തമിഴ്നാട്ടില്‍ ഡിഎംകെ യുടെ പ്രചരണത്തിനു പിന്നിലും പ്രവര്‍ത്തിച്ചു. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെയ്ക്ക് ഒപ്പമായിരുന്നു കനുഗോലു. 40 ല്‍ 39 സീറ്റുകളിലും ജയിച്ചാണ് ഡിഎംകെ നേട്ടമുണ്ടാക്കിയത്.