ന്യൂഡല്‍ഹി: ക്യാന്‍സറുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് പരിഹാരമായി കഞ്ചാവ് തോട്ടമൊരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മരുന്ന് നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള പദ്ധതി പ്രകാരമാണ് തോട്ടമൊരുക്കുന്നത്. ജമ്മുവിലെ ഛത്തയില്‍ ഇതിനോടകം ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം ഒരുക്കുകയും പ്രത്യേക സംരക്ഷിത മേഖലയായി തിരിക്കുകയും ചെയ്തിട്ടുണ്ട്.
കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡഗ്രേറ്റീവ് മെഡിസിനാണ് (ഐ.ഐ.ഐ.എം) മരുന്ന് നിര്‍മ്മിക്കുക. കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ് സ്‌കാനിന്റെ സഹകരണവുമുണ്ട്. കഞ്ചാവ് ദുരുപയോഗിക്കുന്നതില്‍ നിന്ന് മാറി മനുഷ്യന് ഗുണമാകുന്ന മരുന്ന് നിര്‍മ്മാണം സാദ്ധ്യമാക്കുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിരുന്നു. ക്യാന്‍സര്‍, വിവിധ നാഡീരോഗങ്ങള്‍, പ്രമേഹം, അപസ്മാരം തുടങ്ങിയവയ്ക്ക് മരുന്ന് നിര്‍മ്മിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.