ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിം, ചൂതാട്ട കേന്ദ്രങ്ങള്‍, കുതിരപ്പന്തയം തുടങ്ങിയവയ്ക്ക് 28 ശതമാനം ജി.എസ്.ടി ഒക്ടോബര്‍ ഒന്നു മുതല്‍ ബാധകമാക്കുന്ന നിയമഭേദഗതിക്ക് ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന 51-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സി.ജി.എസ്.ടി നിയമം ഭേദഗതി ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. സംസ്ഥാനങ്ങളും നിയമം ഭേദഗതി ചെയ്യണം. നിയമം വന്ന് ആറ് മാസത്തിനകം ഓണ്‍ലൈന്‍ ഗെയിമിംഗിലെ ജി.എസ്.ടി പുനരവലോകനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി ഭൂരിപക്ഷ സംസ്ഥാനങ്ങളും 28 ശതമാനം ജി.എസ്.ടിയെ പിന്തുണച്ചപ്പോള്‍ ഡല്‍ഹി, ഗോവ, സിക്കിം വിയോജിച്ചു.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള ജി.എസ്.ടി പുന:പരിശോധിക്കണമെന്നും ഉപസമിതിക്ക് തിരിച്ചയയ്ക്കണമെന്നും ഡല്‍ഹി ധനമന്ത്രി അതിഷി ആവശ്യപ്പെട്ടു. ചെറിയ സംസ്ഥാനമായതിനാല്‍ ചൂതാട്ട നികുതിയില്‍ ഇളവു വേണമെന്ന് ഗോവയും സിക്കിമും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഓണ്‍ലൈന്‍ ഗെയിം നിരോധനത്തെ ജി.എസ്.ടി ബാധിക്കുമോയെന്ന് തമിഴ്‌നാട് ആശങ്ക അറിയിച്ചു.
ഇന്ത്യയ്ക്കു പുറത്തുള്ള ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് പരിഗണിക്കുമെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. നികുതിയടയ്ക്കാത്ത ഓഫ്ഷോര്‍ ഗെയിമിംഗ് കമ്പനികളെ നിരീക്ഷിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിന്റെ (ഡി.ജി.ജി.ഐ) കീഴില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുമെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.