വിലകൂടില്ലെന്ന് പിണറായി

തിരുവനന്തപുരം: ഓണത്തിന് സാധനവില കൂടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന സാധനങ്ങളും വിലയും അടങ്ങിയ പട്ടിക പങ്കുവച്ചാണ് ഉറപ്പ്.

എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല. പതിമ്മൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് നല്‍കുന്നത്. സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധികബാദ്ധ്യത ഇതുവഴിയുണ്ടാകുന്നു.
കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡുണ്ട്. ഇതില്‍ 55 ലക്ഷം പേര്‍ സപ്ലൈകോ സ്റ്റോറുകളില്‍ എത്തുന്നു. പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറിലുള്ളൂ. എഫ്.എം.ജി (ഫാസ്റ്റ് മൂവിംഗ് ഗുഡ്‌സ്), ശബരി ഉത്പന്നങ്ങള്‍, മറ്റു കമ്പനി ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 5 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവുണ്ട്. സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.